IndiaNEWS

‘പ്രായമേറെയായി’; വിരമിക്കലിന് തയാറെടുത്ത് മിഗ്-21 വിമാനങ്ങള്‍

ന്യൂഡല്‍ഹി: മിഗ്-21 പോര്‍വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. കാലപ്പഴക്കം ഏറിയതോടെയാണ് നീക്കം. ആകെയുള്ള നാല് മിഗ്-21 സ്‌ക്വാഡ്രനുകളില്‍ ഒന്ന് സെപ്റ്റംബറില്‍ ഒഴിവാക്കും. ശേഷിക്കുന്ന മൂന്നെണ്ണം 2025 ആകുമ്പോഴേക്ക് സേനയുടെ ഭാഗമല്ലാതാകും. മിഗിനു പകരം, തദ്ദേശീയമായി നിര്‍മിച്ച തേജസ് ഉള്‍പ്പെടെ പുതിയ പോര്‍വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്തും.

”സ്വേഡ് ആംസ്” എന്നറിയപ്പെടുന്ന, ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള 51-ാം സ്‌ക്വാഡ്രനാണു രണ്ടുമാസത്തിനകം സേനയില്‍നിന്ന് ഒഴിവാക്കുന്നത്. പാകിസ്താന്റെ എഫ്-16 വിമാനം വെടിവച്ചിട്ടശേഷം പാക് പട്ടാളത്തിന്റെ പിടിയിലകപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ 51-ാം സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു.

കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ് വിമാനം തകര്‍ന്നുവീണ് രണ്ട് െപെലറ്റുമാര്‍ മരിച്ചിരുന്നു. ഉതര്‍ലായ് വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനര്‍ വിമാനമാണ്തകര്‍ന്ന് വീണത്. വിങ് കമാന്‍ഡര്‍ എം റാണ, ഫ്‌െലെറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണു മരിച്ചത്. എന്നാല്‍ മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കുന്നത് തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലല്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കാലപ്പഴക്കമാണ് ഒഴിവാക്കലിനു മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സോവിയറ്റ് നിര്‍മിത ഒറ്റ എന്‍ജിന്‍ മിഗ്-21 വിമാനം 1963-ലാണ് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. പിന്നീട് കാലോചിതമായി പരിഷ്‌കരിച്ച 874 മിഗ് വകഭേദങ്ങള്‍ സേനയ്ക്കു സ്വന്തമായി.

എന്നാല്‍, ആറ് പതിറ്റാണ്ടിനിടെ 400 മിഗ്-21 അപകടങ്ങളിലായി ഇരുനൂറോളം വ്യോമസേനാ െപെലറ്റുമാര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്.

സേനയില്‍ മിഗ് വിമാനങ്ങളുടെ ആധിക്യവും പുതിയ പോര്‍വിമാനങ്ങള്‍ ലഭിക്കാനുള്ള താമസം മൂലം ശേഷിയില്‍ക്കവിഞ്ഞ് പറക്കേണ്ടിവരുന്നതും അവ തുടര്‍ച്ചയായി അപകടത്തില്‍പ്പെടാനുള്ള കാരണങ്ങളാണ്.

126 ഫ്രഞ്ച് നിര്‍മിത റഫേല്‍ പോര്‍വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തെങ്കിലും 60 എണ്ണം മാത്രമാണ് ഇതുവരെ ലഭ്യമായത്. സുഖോയ്-30 വിമാനങ്ങള്‍ക്കും ‘പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് െവെസ് മാര്‍ഷല്‍ സുനില്‍ നാനോദ്കര്‍ ചൂണ്ടിക്കാട്ടി.

Back to top button
error: