NEWS

ഇൻഷുറൻസ് ഇല്ലാതെയും കെഎസ്ആർടിസിക്ക് സർവീസ് നടത്താം

ൻഷുറൻസ് ഇല്ലാത്ത കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്നത് നിയമവിരുദ്ധമാണോ?
കെ.എസ്.ആർ.ടി.സി ബസുകൾ എല്ലാ വർഷവും കൃത്യമായി ഫിറ്റ്നെസ് ടെസ്റ്റുകൾ നടത്തും. സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബസും സർവിസിന് നൽകാറുമില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ പോലും എല്ലാ ബസുകളും സർവിസിന് ശേഷം ദൈനംദിന പരിശോധന നടത്തുകയും  ,തകരാറുകൾ പരിഹരിക്കുകയും ആഴ്ച തോറും വീക്കിലി മെയിന്‍റനൻസ്, കൃത്യമായി മന്ത്‌ലി മെയിന്‍റനൻസ് എന്നിവയും നടത്തുന്നുണ്ട്.
ഓരോ ബസിനും ഉപയോഗിച്ച സ്പെയർ പാർട്ട്സിനും, ചെയ്ത മെക്കാനിക്കൽ ജോലിക്കും, നിയോഗിക്കപ്പെട്ട ജീവനക്കാർ ആരാണ് എന്നതുൾപ്പെടെയുള്ള രേഖകൾ പോലും കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിചയസമ്പന്നരും സാങ്കേതിക തികവുള്ളവരുമായ ഒരു മെക്കാനിക്കൽ വിഭാഗം കെ.എസ്.ആർ.ടി.സിക്കുണ്ട്  .
 കെ.എസ്.ആർ.ടി.സിക്ക്  പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി എല്ലാ ബസുകളും ഇൻഷ്വർ ചെയ്യുന്നതിനുള്ള കരാറും ഉണ്ട് .
വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ഇത് പ്രകാരം സംസ്ഥാന സർക്കാറിന് പ്രത്യേക ഉത്തരവിലൂടെ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകളുടെ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങളെ ഇൻഷ്വറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്.
തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്‍റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും  ,അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്.
കേരള സർക്കാർ ഈ വ്യവസ്ഥ പ്രകാരം No. 22005/Estt-B3/65/Fin തിയതി 18.05.1965 എന്ന ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിയെ നിർബ്ബന്ധമായും ഇൻഷുറൻസ് വേണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി ഉത്തരവായിട്ടുമുണ്ട്. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 217 ലെ വ്യവസ്ഥ പ്രകാരം പ്രസ്തുത ഉത്തരവിന് ഇപ്പോഴും നിയമ സാധുതയുമുണ്ട്.
 അതിനാൽ തന്നെ വാഹനാപകടത്തെ തുടർന്ന് യാത്രക്കാർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ , പരിക്കോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയ്ക്ക് പകരം കെ.എസ്.ആർ.ടി.സി സ്വന്തം ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകും. അതായത് ഇൻഷുറൻസ് എടുക്കാനും , എടുക്കാതിരിക്കാനുമുള്ള അധികാരവും അവകാശവും നിയമപ്രകാരം കെ.എസ്.ആർ.ടി.സിക്കുണ്ട്.

Back to top button
error: