KeralaNEWS

അങ്കണവാടിയിലെ കുരുന്നുകൾക്ക് ആഴ്ചയിൽ 2 നാൾ പാലും മുട്ടയും, പദ്ധതി ഉദ്ഘാടനം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച

  അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച്  ഭക്ഷണമെനുവില്‍ മാറ്റം. ആഴ്‌ചയില്‍ രണ്ട് ദിവസം അങ്കണവാടിയില്‍ പാലും മുട്ടയും ലഭ്യമാകും. കുട്ടികളിലെ വളർച്ചമുരടിക്കൽ, ഭാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനും വിശപ്പ് രഹിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമാണിത്. ഇതുവരെ ധാന്യങ്ങളും പച്ചക്കറിയുമായിരുന്നു പ്രധാനമെനു. പദ്ധതിക്ക് 61.5 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ലിറ്ററിന് 50 രൂപാ നിരക്കിൽ ഒരു കുട്ടിക്ക് 125 മില്ലി ലിറ്റർ മിൽമ പാൽ നൽകും. പ്രാദേശിക ക്ഷീരസൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവരിൽ നിന്നുള്ള പാലും ഉപയോഗിക്കാം.

ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒപ്പം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അങ്കണവാടികളിലും ഉദ്ഘാടനം നടക്കും.

നടപ്പുവർഷം 31.50 കോടി രൂപയാണ് പദ്ധതി നടപ്പാക്കാൻ വേണ്ടത്. അഞ്ചുമാസത്തേക്കുള്ള 8.90 കോടി വനിതാ ശിശുവികസനവകുപ്പ് ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർമാർക്ക് കൈമാറും. സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ മൂന്നുമുതൽ ആറുവയസുവരെയുള്ള അഞ്ചുലക്ഷത്തോളം കുട്ടികളുണ്ട്.

കൊവിഡ് മൂലം മാതാപിതാക്കളില്‍ ഒരാളെയോ ഇരുവരേയോ നഷ്‌ട‌പ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വര്‍ഷം രണ്ട് കോടി രൂപ നീക്കി വച്ചു. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുന്നതിനായി 1.3 കോടി രൂപ വകയിരുത്തി

Back to top button
error: