KeralaNEWS

കോൺഗ്രസും ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും

    സി.പി.എം മാതൃക പിന്തുടർന്ന് ജനജീവിതത്തിൽ സജീവമായി ഇടപെടാനും സന്നദ്ധ സേവന രംഗത്ത് സജീവമാകാനും കോൺഗ്രസ് തീരുമാനം. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും. ഡിസംബർ 15 നകം ചാരിറ്റബിൾ ട്രസ്റ്റ് ആയി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് ചിന്തൻ ശിബിരത്തിലെ നിർദേശം.

സി.പി.എമ്മിന്റെയും അനുബന്ധ സംഘടനകളുടെയും സേവന മേഖലയിലെ പ്രവർത്തനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടതുമുന്നണിക്ക് വോട്ട് നേടിക്കൊടുത്തിരുന്നു.

ഇത് കണക്കിലെടുത്താണ് കോൺഗ്രസും പിന്നാലെ ചുവടുവയ്ക്കുന്നത്. പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട ഓരോ പ്രശ്നങ്ങളിലും ഇടപെടുന്ന തരത്തിൽ സംഘടനാ പ്രവർത്തനം മാറ്റണമെന്നാണു തീരുമാനം. മരണാനന്തര ചടങ്ങുകൾക്കു സഹായിക്കാൻ വേണ്ട സജ്ജീകരണങ്ങൾ വരെ ഓരോ മണ്ഡലം കമ്മിറ്റിയുടെയും പക്കൽ ഇനി ഉണ്ടാകണമെന്നാണ് പുതിയ നിർദേശം. പഞ്ചായത്തുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ ക്ലബ്ബുകളും വായനശാലകളും ആരംഭിക്കണം. വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ ശ്രമിക്കണം.

ക്ഷേത്രം, പള്ളി കമ്മിറ്റികളിലും കോൺഗ്രസിന്റെ പങ്കാളിത്തം ഉറപ്പാക്കണം. പി.ടി.എ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയിലും കോൺഗ്രസ് അംഗങ്ങൾ സജീവമായി പ്രവർത്തിക്കണം. സ്ത്രീകളോടുള്ള പെരുമാറ്റത്തിലും പദപ്രയോഗത്തിലും അങ്ങേയറ്റം സൂക്ഷ്മതയും മാന്യതയും പുലർത്തണമെന്നും ശിബിരം നിർദേശിച്ചു.

Back to top button
error: