IndiaNEWS

ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ എത്തിയത് കേരള രജിസ്‌ട്രേഷനുള്ള ബൈക്കില്‍

മംഗളൂരു: കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അജ്ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടു പേരാണ് പ്രവീണിനെ ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ബെല്ലാരെയിലെ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ വടിവാള്‍ ഉപയോഗിച്ച് പ്രവീണിനെ അക്രമിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവില്‍ മുന്‍പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമാണെന്നാണ് സംശയിക്കുന്നത്.

പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബെല്ലാരി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്.

 

Back to top button
error: