KeralaNEWS

ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം. വനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ വരെയുള്ള ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്.

ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

വനങ്ങളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ജനവാസ മേഖലയ്ക്ക് ഇളവ് ഇല്ല എന്ന പിശക് കടന്നു കൂടിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഈ വിവാദ ഉത്തരവ് തിരുത്താനാണ് ഇപ്പോള്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്

ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. സംരക്ഷിത വനങ്ങളുടെ ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനും ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു കോടതിയെ ബോധ്യപ്പെടുത്താനുമായിരുന്നു കേരളത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Back to top button
error: