BusinessTRENDING

ആശിഷ് കുമാര്‍ ചൗഹാന്‍ ഇനി എന്‍.എസ്.ഇയില്‍; ബി.എസ്.ഇ. തലവന്‍ സ്ഥാനം രാജിവെച്ചു

മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് രാജി. ഇദ്ദേഹം ദേശീയ ഓഹരി വിപണിയുടെ സ്ഥാപക സംഘത്തിലെ അംഗമായിരുന്നെങ്കിലും 2000 ൽ ഇവിടെ നിന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായി വിവിധ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2009 ൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഡെപ്യൂട്ടി സി ഇ ഒയായി അദ്ദേഹം നിയമിതനായി. പിന്നീട് 2012 ൽ ബി എസ് ഇയുടെ സി ഇ ഒയായി അദ്ദേഹം മാറി.

ചൗഹാന്റെ ഒഴിവിലേക്ക് പുതിയ മേധാവിയെ തേടാനുള്ള ശ്രമം ബി എസ് ഇ തുടങ്ങിക്കഴിഞ്ഞു. അതുവരേക്ക് ഒരു എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിയായിരിക്കും എം ഡിയുടെയും സി ഇ ഒയുടേയും ജോലി ഏറ്റെടുക്കുക. ബി എസ് ഇ ചീഫ് റെഗുലേറ്ററി ഓഫീസർ നീരജ് കുൽശ്രേഷ്ഠ , ചീഫ് ഫിനാൻഷ്യൽ ഓഫീസർ നയൻ മേത്ത , ചീഫ് ഇൻഫർമേഷൻ ഓഫീസർ കെർസി തവാദിയ , ചീഫ് ബിസിനസ് ഓഫീസർ സമീർ പാട്ടീൽ , ചീഫ് ട്രേഡിങ് ഓപറേഷൻസ് ആന്റ് ലിസ്റ്റിങ് സെയിൽസ് ഗിരീഷ് ജോഷി എന്നിവരുൾപ്പെട്ട എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിക്കാണ് ഈ ചുമതല.

ഇന്നലെയാണ് ചൗഹാൻ ചുമതലകൾ ഒഴിഞ്ഞത്. ഇദ്ദേഹത്തിന്റെ കാലത്താണ് ബി എസ് ഇ ഏറ്റവും വേഗതയേറിയ സ്റ്റോക് എക്സ്ചേഞ്ച് എന്ന നേട്ടത്തിലേക്ക് ഉയർന്നത്. ഇദ്ദേഹമാണ് ഇന്ത്യയിൽ മൊബൈൽ സ്റ്റോക് ട്രേഡിങിന് തുടക്കം കുറിച്ചത്. അങ്ങിനെ നേട്ടങ്ങളുടെ പൊൻതൂവലുകൾ തലയിൽ ചാർത്തിയാണ് ചൗഹാൻ പുതിയ ചുമതല ഏറ്റെടുക്കുന്നത്.

Back to top button
error: