KeralaNEWS

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ 11 വരെ ഓണം അവധി

പാല: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ (ഓണപരീക്ഷ) തിയതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണപരീക്ഷ. സെപ്റ്റംബര്‍ 3 മുതല്‍ 11 വരെയാണ് ഓണം അവധി. ഓണം അവധിക്ക് ശേഷം സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാഠപുസ്തകത്തില്‍ ചേര്‍ക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. അക്ഷരമാല ഉള്‍ക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിന് കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങില്‍ പാലാരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷന്‍ ആയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, റവ. ഡോ. തോമസ് മൂലയില്‍, മാണി സി കാപ്പന്‍ എം എല്‍ എ, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡോ. റ്റി സി. തങ്കച്ചന്‍, റവ. ഡോ. സി ബീനാമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങും. സിബിഎസ്ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്ററി പ്രവേശനം നീളാന്‍ കാരണം.

 

Back to top button
error: