KeralaNEWS

ഭാഗ്യക്കുറി സമ്മാന വിതരണം ആദായ നികുതി ഈടാക്കിയതിന് ശേഷം; വിശദികരണവുമായി ഭാഗ്യക്കുറി വകുപ്പ്

തിരുവനന്തപുരം: ഭാഗൃക്കുറി നറുക്കെടുപ്പിൽ ജേതാക്കളാകുന്നവർക്ക് സമ്മാനത്തുക നൽകുമ്പോൾ ആദായ നികുതി ഈടാക്കാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ്. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവിൽ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്.

ഇപ്രകാരം ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ട്. എന്നാൽ ഇതിനു പുറമെ അൻപത് ലക്ഷത്തിന് മുകളിലുള്ള ഉയർന്ന സമ്മാന തുകകൾക്ക് സർചാർജും, സെസും നൽകുകയെന്നത് പാൻകാർഡ് ഉടമകളായ സമ്മാന ജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി. സമ്മാനാർഹർ നൽകേണ്ട നികുതിയെക്കുറിച്ച് ഭാഗ്യക്കുറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാൽ വലിയ തുകകൾ സമ്മാനമായി ലഭിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുന്നു എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഈ വിശദീകരണം.

ഭാഗ്യക്കുറി സമ്മാനർഹർ മാത്രമല്ല , 50 ലക്ഷത്തിൽ കൂടുതൽ തുക വരുമാനമായി ലഭിക്കുന്ന ഏതൊരു പൗരനും സർചാർജും സെസും യഥാസമയം ഒടുക്കേണ്ടതുണ്ടെന്ന് ആദായനികുതി ചട്ടങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. ഭാഗ്യക്കുറി സമ്മാനാർഹർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാൻ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ധന മാനേജ്മെന്റിന് കൂടി സഹായകമാവുന്ന ഈ പരിശീലനം ഓണം ബമ്പർ നറുക്കെടുപ്പിനു ശേഷം ആരംഭിക്കും. നികുതികൾ സംബന്ധിച്ച അവബോധം കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

Back to top button
error: