IndiaNEWS

സോണിയയെ ചോദ്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധം: റോഡില്‍ കുത്തിയിരുന്ന് രാഹുല്‍; വളഞ്ഞിട്ട് അറസ്റ്റ് ചെയ്ത് പോലീസ്

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍.

വിജയ് ചൗക്കില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്‍, വി കെ ശ്രീകണ്ഠന്‍, ആന്റ്‌റോ ആന്റണി, എംകെ രാഘവന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരെ കിംഗ്‌സ് വേ പൊലീസും കസ്റ്റഡിയിലെടുത്തു.

സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരേ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധിച്ചു. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ രാജ്ഘട്ടില്‍ പ്രതിഷേധിക്കാന്‍ ദില്ലി പൊലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. രാവിലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്.

Back to top button
error: