KeralaNEWS

കള്ളപ്പണക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ യുകെ യാത്ര വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി

തിരുവനന്തപുരം: കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന സി.എസ്.ഐ. സഭാ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ വിദേശയാത്ര ഇഡി ഇടപെട്ട് തടഞ്ഞു. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുകെയിലേക്ക് പോകാന്‍ എത്തിയ ബിഷപ്പിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. നാളെ കൊച്ചി ഓഫീസില്‍ ഹാരാകാന്‍ ബിഷപ്പിന് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസില്‍ കഴിഞ്ഞ ദിവസം ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇന്നലെ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണ്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല.

കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇന്നലെ ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു.

കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. പണം തിരിമറി ആരോപണങ്ങളില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി. മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതിന് മറുപടിയായി തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിക്കുകയായിരുന്നു.

 

Back to top button
error: