IndiaNEWS

‘രാജ്യസഭാ സീറ്റിന് നൂറ് കോടി’; വൻ തട്ടിപ്പ് സംഘത്തെ വലയിലാക്കി സിബിഐ

ദില്ലി: സിബിഐയുടെ സമയോചിത ഇടപെടലിൽ കോടികളുടെ തട്ടിപ്പ് ശ്രമം വിഫലമായി. രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബോർഡ് കോർപ്പറേഷൻ അംഗത്വമടക്കമുള്ള ഉന്നത സർക്കാർ പദവികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടാനുള്ള ശ്രമമാണ് സിബിഐ പൊളിച്ചത്. നാലംഗ തട്ടിപ്പു സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു. രാജ്യസഭാ സീറ്റുകൾ വാഗ്ദാനം ചെയ്ത് നൂറ് കോടിവരെ തട്ടാനായിരുന്നു പ്രതികളുടെ ശ്രമം എന്ന് സിബിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര സ്വദേശി കമലാകര്‍ ബന്ദ്ഗർ , ബെല്‍ഗാം സ്വദേശി രവീന്ദ്ര വിതാല്‍ നായിക്, ദില്ലി സ്വദേശി മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് അയ്ജാസ് ഖാന്‍ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികളെന്ന് ജൂലൈ 15ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. പ്രതികളിലൊരാളായ കമലാകർ ബന്ദ്ഗർ ഉന്നത സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ആയിരുന്നു തട്ടപ്പിന് നേതൃത്വം നൽകിയത്.

ഉന്നത ബന്ധങ്ങളുള്ള തനിക്ക് രാജ്യസഭാ സീറ്റടക്കമുള്ള പദവികൾ തരപ്പെടുത്തി തരാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് ശ്രമം. ചില ജോലികൾക്കായി സമീപിക്കുന്ന ഇടപാടുകാരെ ആകർഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും പേരുകൾ ബന്ദ്ഗർ, അറോറ, ഖാൻ, നായിക് എന്നിവർ ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നതായി സിബിഐ പറയുന്നു. സംശയത്തിന് ഇട നൽകാതെ ഉന്നത ബന്ധങ്ങളുള്ള ആളുകളെ പോലെ പെരുമാറി ആയിരുന്നു പ്രതികളുടെ ഇടപെടൽ.

മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെന്ന നിലയിൽ ബന്ദ്ഗർ വിവിധ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നതായും എഫ്ഐആർ പറയുന്നു. തനിക്ക് അറിയാവുന്ന ആളുകൾക്ക് ആനുകൂല്യങ്ങൾ നൽകാനോ നിലവിലുള്ള കേസുകളുടെ അന്വേഷണത്തെ സ്വാധീനിക്കാനോ വേണ്ടി സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തിരുന്നതായുമാണ് എഫ്ഐആർ. ക്രിമിനൽ ഗൂഢാലോടന, വഞ്ചന, അഴിമതി വിരുദ്ധ നിയമം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Back to top button
error: