NEWS

300 കിലോ ഭാരം, പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ തിരണ്ടി മത്സ്യത്തെ

കംമ്പോഡിയയിലെ മെക്കോങ് നദിയിൽ നിന്ന് പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ. 300 കിലോ ഭാരമുള്ള തിരണ്ടിയെയാണ് ഈ നദിയിൽ നിന്ന് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. വംശനാശഭീഷണി നേരിടുന്ന മത്സ്യമാണിത്. പൂർണ ചന്ദ്രൻ എന്ന് ഖെമർ ഭാഷയിൽ അർഥം വരുന്ന ബൊരാമി എന്നാണ് ഈ തിരണ്ടി മത്സ്യം പ്രാദേശികമായി അറിയപ്പെടുന്നത്.  വൃത്താകൃതിയും 13 അടിയോളം നീളവുമുണ്ടായിരുന്നു ഈ തിരണ്ടി മത്സ്യത്തിന്.
മത്സ്യത്തെ ലഭിച്ച ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ ഗവേഷകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തിരണ്ടി മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. പിടികൂടിയ മത്സ്യത്തെ പിന്നീട് ടാഗ് ഘടിപ്പിച്ച ശേഷം ഗവേഷകരുടെ സാന്നിധ്യത്തിൽ നദിലേക്ക് തിരികെവിട്ടു.
കഴിഞ്ഞ ആഴ്ച വടക്കൻ കംമ്പോഡിയയിലെ ഖോ പ്രീഹ് ദ്വീപിനു സമീപത്തു നിന്ന് 293 കിലോ ഭാരം വരുന്ന ബൊരാമി മത്സ്യത്തെ ലഭിച്ചിരുന്നു. നദിയിലെ ജൈവവ്യവസ്ഥ ആരോഗ്യകരമാമെന്നതിനു തെളിവാണ് ഈ അപൂർവ തിരണ്ടി മത്സ്യത്തിന്റെ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകനായ സെബ് ഹോഗൻ വിശദീകരിച്ചു. ലോകത്തിൽ ഏറ്റവുമധികം മത്സ്യസമ്പത്തുള്ള മൂന്നാമത്തെ നദിയാണ് മെക്കോങ്.

Back to top button
error: