IndiaNEWS

ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സ്ഥാനം

ദില്ലി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളില്‍ വഴി ഫലം ലഭ്യമാകും. 99.38 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ റെക്കോര്‍ഡ് വിജയശതാനമാണ് ഈക്കുറി ഉണ്ടായത്. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഈക്കുറി ഒന്നാം റാങ്ക് ലഭിച്ചു. യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍. മലയാളിക്ക് അഭിമാനമായി തിരുവനന്തപുരം സെന്ററ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആതിര എസ് ജെ മെറിറ്റ് പൊസിഷനില്‍ രണ്ടാമത് എത്തി.

അതേസമയം, സംസ്ഥാനത്ത് നാളെ വൈകിട്ട് അഞ്ചുവരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നത്. ഹൈക്കോടതി ഇടപെടലില്‍ തീയതി നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍.

 

Back to top button
error: