KeralaNEWS

‘ജയ് ഹോ’; പുതിയ റേഡിയോ ചാനല്‍ ആരംഭിക്കാന്‍ കെപിസിസി: പ്രക്ഷേപണം ഓഗസ്റ്റ് 15 മുതല്‍

കോഴിക്കോട്: ജയ് ഹോ എന്ന പേരില്‍ പുതിയ റേഡിയോ ചാനല്‍ ആരംഭിക്കാന്‍ തയാറെടുത്ത് കെപിസിസി. ഓഗസ്റ്റ് 15 മുതല്‍ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം. കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരത്തിനിടയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.

അതേസമയം, പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കി ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായി. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചു പണി നടത്താനാണ് ധാരണ. പാര്‍ട്ടിയുടെ പ്രവര്‍ത്തന പദ്ധതി രൂപരേഖ വൈകിട്ടോടെ കെ പി സി സി പ്രസിഡന്റെ കെ സുധാകരന്‍ പ്രഖ്യാപിക്കും.

കെഎസ്‌യു പുനസംഘടന രണ്ടാഴ്ചയ്ക്കകം നടത്താനും തീരുമാനമായി. വിടി ബല്‍റാമിനാണ് ചുമതല. അഞ്ച് വിഷയങ്ങളിലായി രണ്ട് ദിവസം നീണ്ട വിപുലമായ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷമാകും പ്രവര്‍ത്തന പദ്ധതിക്കും നയത്തിനും അന്തിമ രൂപം നല്‍കുക. ഇത് ഇന്ന് വൈകിട്ട് കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കും.

ചിന്തന്‍ ശിബിരത്തിലെ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വിഎം സുധീരന്റയും അസാന്നിധ്യം ഇന്നും ചര്‍ച്ചയായി. ഈ കാര്യം പരിശോധിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പളളി അറിയിച്ചിരുന്നെന്നും മുല്ലപ്പളളിയുമായുള്ള പ്രശ്‌നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

ചിന്തന്‍ ശിബിര്‍ ചര്‍ച്ചയിലുണ്ടായ, സംസ്ഥാന കോണ്‍ഗ്രസിന്റെ ഭാവിയെ നിര്‍ണയിക്കുന്ന പ്രഖ്യാപനങ്ങള്‍ക്കുളള കാത്തിരിപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും. ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായിരുന്നു ചര്‍ച്ചകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഓരോ ലോക്‌സഭ മണ്ഡലത്തിലും ഓരോ നേതാക്കള്‍ക്ക് ചുമതലനല്‍കും. എത്രയും പെട്ടെന്ന് പാര്‍ട്ടി പുനസംഘടനാ നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ധാരണ. ബൂത്ത് തലം മുതലുള്ള സമ്മേളനങ്ങള്‍ നടത്താനും തീരുമാനമായി. പാര്‍ട്ടിയുമായി അകന്ന വിവിധ വിഭാഗളുടെ പിന്തുണ ഉറപ്പാക്കും. മുന്നണി വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

Back to top button
error: