KeralaNEWS

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം: മൂന്നു മാസത്തിനുള്ളില്‍ കോട്ടയത്ത് 2,657 പുതിയ പദ്ധതികള്‍; 145.41 കോടിയുടെ നിക്ഷേപം

കോട്ടയം: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന സംരംഭക വര്‍ഷത്തോടനുബന്ധിച്ചു ജില്ലയില്‍ മൂന്നു മാസത്തിനുള്ളില്‍ 2657 പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ 145.41 കോടി രൂപയുടെ നിക്ഷേപം സാധ്യമായി. പുതിയതായി 5266 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പദ്ധതിയിലൂടെ ജില്ലയില്‍ ഈ വര്‍ഷം 8834 സംരംഭങ്ങള്‍ ആരംഭിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇന്റേണ്‍സിനേയും താലൂക്ക് തലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരെയും നിയമിച്ചു. സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചു ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തി. പൊതുജനങ്ങള്‍ക്ക് പദ്ധതികളെക്കുറിച്ചറിയാന്‍ തിങ്കള്‍,ബുധന്‍ ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സേവനം ലഭ്യമാണ്.

രണ്ടാം ഘട്ടത്തില്‍ ജൂലൈ – കാഗസ്ത് മാസങ്ങളില്‍ ലോണ്‍ മേളകളും ലൈസന്‍സ് മേളകളും സംഘടിപ്പിക്കും. 50 ലക്ഷം വരെ സ്ഥിര നിക്ഷേപമുള്ള ഉല്പാദന യൂണിറ്റുകള്‍ക്കും 20 ലക്ഷം വരെ സ്ഥിരനിക്ഷേപമുള്ള സേവന യൂണിറ്റുകള്‍ക്കും പിഎംഇജിപി പദ്ധതി പ്രകാരം 25 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്സിഡി നല്‍കും.10 ലക്ഷം വരെ സ്ഥിരനിക്ഷേപമുള്ള ഉല്പാദന യൂണിറ്റുകള്‍ക്കു 40 ശതമാനം ഗ്രാന്റ് നല്‍കും. സംരംഭകത്വ സഹായ പദ്ധതിയിലൂടെ സ്ഥിര നിക്ഷേപത്തിന്റെ 40 ശതമാനം വരെ വകുപ്പ് സബ്സിഡി നല്‍കും.

Back to top button
error: