BusinessTRENDING

ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന്റെ നേട്ടം കൊയ്ത് ജിയോ; കഴിഞ്ഞ പാദത്തില്‍ ലാഭം 4,335 കോടി

മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം 2022 ലെ രണ്ടാംപാദത്തില്‍ വന്‍ ലാഭത്തില്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 4,335 കോടി രൂപയാണ് ജിയോ ലാഭം ഉണ്ടാക്കിയത്. മുന്‍ വര്‍ഷത്തിലെ ഈ പാദത്തില്‍ നേടിയ ലാഭത്തെക്കാള്‍ 24 ശതമാനം വർധനയാണ് ജിയോ ഉണ്ടാക്കിയത്. ഡിസംബറില്‍ രാജ്യത്തെ ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ജിയോയ്ക്ക് വലിയ നേട്ടമായി എന്നാണ് കണക്കുകള്‍ പറയുന്നത്.

ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസം നേടുന്ന ജിയോയുടെ ശരാശരി വരുമാനം 175.70 രൂപയാണ്. പ്രവർത്തന വരുമാനം കഴിഞ്ഞ പാദത്തില്‍ 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയിലെത്തി. 5ജി ലേലം നടക്കാനിരിക്കെ ജിയോ ഉണ്ടാക്കിയ നേട്ടം ശ്രദ്ധേയമാണ് എന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി.  ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളുടെ ഇടപെടൽ മികച്ച നിലയിലാണ്. എല്ലാ ഇന്ത്യക്കാർക്കും ഇന്‍റര്‍നെറ്റ് ലഭ്യത വർധിപ്പിക്കുന്നതിനായി ജിയോ പ്രവർത്തിക്കുന്നു, മൊബിലിറ്റിയിലും എഫ്ടിടിഎച്ച് വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന മികച്ച ട്രെന്‍റ് സന്തുഷ്ടനാണെന്നും റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ അവസരത്തില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിലെ വയർലൈൻ വിഭാഗത്തിൽ 80 ശതമാനം വിപണി വിഹിതം ജിയോയ്ക്കുണ്ട്.

തദ്ദേശീയമായ 5ജി സ്റ്റാക്ക് ജിയോ നെറ്റ്‌വർക്കിനുള്ളിൽ വിന്യസിക്കുമെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളിൽ എത്തിക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. അതേ സമയം കഴിഞ്ഞ പാദത്തില്‍ റിലയൻസ് റീട്ടെയിൽ 2061 കോടി രൂപ ലാഭം നേടി. 15,866 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്.

Back to top button
error: