IndiaNEWS

കോവിഡ് കാലത്തെ ജനകീയ ഇടപെടൽ, കാഞ്ഞങ്ങാട് കൺട്രോൾ റുമിലെ പോലീസുകാരൻ ഖലീഫ ഉദിനൂരിന് ‘ശ്രേഷ്ഠമാനവ് സേവാ ദേശീയ’ പുരസ്കാരം

     കാഞ്ഞങ്ങാട്: മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ദേശീയ മനുഷ്യാവകാശ വെല്‍ഫെയര്‍ ഫോറത്തിൻ്റെ പുരസ്കാരമായ ‘ശ്രേഷ്ഠമാനവ് സേവാ പുരസ്കാര’ത്തിന് കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരൻ ഖലീഫ ഉദിനൂര്‍ അര്‍ഹനായി.കോവിഡ് കാലം മുതല്‍ 11000ല്‍ പരം കുടുംബങ്ങള്‍ക്ക് മരുന്നും ഹോസ്പിറ്റല്‍ സേവനങ്ങളും രക്തദാനസേവനങ്ങളും എത്തിച്ച്‌ നല്‍കിയതിനാണ് പുരസ്കാരം. വിദേശത്ത് നിന്നും കോവിഡ് കാലത്ത് നിരവധി തവണ മരുന്ന് എത്തിച്ചതിന് കേരള ഡി.ജി.പിയുടെ പ്രശംസ രണ്ട് തവണ നേടിയ ആളാണ് ഖലീഫ ഉദിനൂര്‍. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരില്‍ നിന്നും നിരവധി തവണ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.

ഉദിനൂര്‍ സ്വദേശിയായ ഖലീഫ 2010ലാണ് പോലീസ് ജോലിയില്‍ പ്രവേശിച്ചത്.

കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി പി ഗംഗാധരന്‍, വാവാ സുരേഷ്, ഉത്തര കേസിലൂടെ ശ്രദ്ധേയനായ, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കൊല്ലം കൊട്ടാരക്കര എസ്.ഐ ആഷിര്‍ കോഹൂര്‍, കോട്ടയം പാലിയേറ്റീവ് നഴ്സ് ആയ ഷീലാ റാണി, തുടങ്ങിയവരും പുരസ്കാരര്‍ഹരാണ്.
പൊതുജനങ്ങളില്‍ നിന്നും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാളെ (ഞായർ) എറണാകുളം ഐ.എം.എ ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Back to top button
error: