IndiaNEWS

വില കൂടുമെന്ന ഭയം വേണ്ട; ഇന്ത്യയില്‍ ഗോതമ്പിന്റെ ശേഖരം ബഫര്‍ സ്‌റ്റോക്കിനെക്കാള്‍ 80 ശതമാനം അധികം

ദില്ലി: ഗോതമ്പിന്റെ കരുതൽ ശേഖരം 2022 – 23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടൺ ആയിരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  കരുതൽ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാൾ  80 ശതമാനം കൂടുതലാണ് ഇത്. 2022-23 വിപണന വർഷത്തിൽ ഇതുവരെ  188 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചതായി  പിയൂഷ് ഗോയൽ വ്യക്തമാക്കി.  ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എൻഎഫ്എസ്എ) കീഴിൽ വരുന്ന 80 കോടി ജനങ്ങൾക്ക് സർക്കാർ ഒരാൾക്ക് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതിനെ തുടർന്ന് ഈ വർഷം മെയ് 14 ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു.  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്.

റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ ഏപ്രിലിൽ ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. ഇതിനെ തുടർന്നാണ് സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നത്.

Back to top button
error: