CrimeNEWS

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ജയിലിലേക്ക് മാറ്റി

തൃശൂര്‍: തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പള്‍സര്‍ സുനിയെ ജയിലിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മൂന്ന് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. റിമാന്റില്‍ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് സുനിയെ മാറ്റിയത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പള്‍സര്‍ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം വിചാരണക്കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്. ആശുപത്രിയില്‍ വെച്ചോ കോടതിയില്‍ ഹാജരാക്കിയോ കൂടിക്കാഴ്ച വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് അവധിയായതിനാല്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.

Back to top button
error: