NEWSWorld

ഖത്തറില്‍ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ ആദ്യ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. ഇയാളെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നതെന്നും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗം വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മങ്കി പോക്സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സൗദി അറേബ്യയിലും മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്.

രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുരങ്ങുപനിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

 

Back to top button
error: