PravasiTRENDING

ഇന്റര്‍നെറ്റ് പങ്കുവച്ച് കുടുങ്ങരുത്; മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍

മസ്‌കത്ത്: ഇന്റര്‍നെറ്റ് പങ്കുവച്ച് അബദ്ധങ്ങളില്‍ ചാടരുതെന്ന് മുന്നറിയിപ്പു നല്‍കി ഒമാന്‍ അധികൃതര്‍. കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്ക്കരുതെന്നും നിരവധി പ്രശ്‌ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പു നല്‍കി.

കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ ഇത് കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് നിയമപരമായ ബാധ്യതകള്‍ വരുത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള സങ്കീര്‍ണതകള്‍ ഇന്റര്‍നെറ്റ് പങ്കുവയ്ക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്നതായും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യത ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഒപ്പം വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കുമെന്നും ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി.

Back to top button
error: