NEWS

ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാരെപ്പോലും വെറുതെ വിടാത്ത ജനങ്ങൾ

കോട്ടയം: അരച്ചാൺ വയർ നിറയ്ക്കാൻ കിലോമീറ്ററുകൾ നടന്നും രാവിലെ മുതൽ വൈകുന്നേരം വരെ റോഡരികിൽ ഒരേ നിൽപ്പ് നിന്നും ലോട്ടറി കച്ചവടം നടത്തുന്ന പാവങ്ങളെ പോലും പറ്റിച്ച് ലോട്ടറിയുമായി കടന്നുകളയുന്നവരുടെ എണ്ണം കേരളത്തിൽ പെരുകുന്നു.
നിത്യേനയെന്നവണ്ണം കേരളത്തിന്റെ തെരുവിൽ നിരവധി പേരാണ് ഇങ്ങനെ പറ്റിക്കപ്പെടുന്നത്.അംഗവൈകല്യം സംഭവിച്ചവരെയും സ്ത്രീകളെയുമാണ് ഇത്തരക്കാർ കൂടുതലും പറ്റിക്കുന്നത്.
 കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. കറുകച്ചാൽ –മണിമല റോഡിലെ മാണിക്കുളത്ത് ആഞ്ഞിലിമരത്തിന്റെ ചുവട്ടിൽ ക്രച്ചസിന്റെ സഹായത്താൽ ലോട്ടറിക്കച്ചവടം നടത്തുന്ന പത്തനാട് സ്വദേശി മനോജ് ചന്ദ്രൻ എന്നയാളെയാണ് ബൈക്കിൽ എത്തിയ ഒരാൾ കബളിപ്പിച്ച് ഫുൾ സെറ്റ് (25) ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്.അതും പ്രായമായ ഒരാൾ.സംഭവത്തെപ്പറ്റി മനോജ് പറയുന്നതിങ്ങനെ:
 ‘രാവിലെ വന്ന് കച്ചവടം തുടങ്ങി 9 മണിയായപ്പോൾ പ്രായമായ ഒരാൾ വന്ന് ഒരു ടിക്കറ്റെടുത്തു.കുറച്ചു നേരം ടിക്കറ്റുകൾ നോക്കിയ ശേഷം നമ്പർ നോക്കാനായി ബണ്ടിൽ ചോദിച്ചു. എല്ലാവരും ഇത്തരത്തിൽ ചോദിക്കുന്നത് പതിവായതിനാൽ ഇയാൾക്കും കൊടുത്തു.
കുറച്ചു സമയം ടിക്കറ്റ് പരിശോധിച്ച ശേഷം അടുത്ത് ആരുമില്ലെന്നു കണ്ടതോടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ ബണ്ടിൽ ഇട്ടു വേഗത്തിൽ ബൈക്ക് ഓടിച്ച് പോയി.എനിക്ക് കാലിന് സ്വാധീനമില്ലെന്നു മനസ്സിലാക്കിയാണ് ഇയാൾ ഇതു ചെയ്തത്. മാതാപിതാക്കൾ മരിച്ചു പോയി. വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന വരുമാനവും സർക്കാർ പെൻഷനും കൊണ്ടാണ് ജീവിക്കുന്നത് ‘.
4000 രൂപ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരൻ പത്തനാട് സ്വദേശി മനോജ് ചന്ദ്രന്റെ വാക്കുകളിൽ നിസ്സഹായാവസ്ഥ.ലോട്ടറി ചെറുകിട വിൽപനക്കാരെ പറ്റിക്കുന്ന സംഭവങ്ങൾ കേരളത്തിലെങ്ങും വർധിക്കുന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് മനോജ്.പരാതി നൽകിയെങ്കിലും സംഭവത്തിൽ പ്രതിയെ പിടികൂടാനായിട്ടില്ല.
നെടുംകുന്നം മോചിൻ ഭവനിൽ ടി.മോഹനൻ 2 തവണ ഇങ്ങനെ തട്ടിപ്പിനിരയായിട്ടുണ്ട്. ഒരു തവണ ടിക്കറ്റും പണവും അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടു പേർ തട്ടിയെടുത്ത് കടന്നു. സിസിടിവി ദൃശ്യം വഴി പൊലീസ് പ്രതികളെ തിരുവഞ്ചൂരിൽ നിന്നു പിടികൂടിയിരുന്നു. ഇതിന്റെ കേസ് കോടതിയിലാണ്.ഇതിന് 2 മാസം മുൻപ് കൂത്രപ്പള്ളിയിൽ വച്ച് പൊലീസുകാരനാണ് എന്നു പരിചയപ്പെടുത്തി കാക്കി പാന്റ്സ് ധരിച്ച് ബൈക്കിലെത്തിയയാൾ മോഹനനന്റെ കയ്യിൽ നിന്ന് ടിക്കറ്റ് എടുത്ത് ശേഷം അടുത്തുള്ള വീട് കാണിച്ച് അങ്ങോട്ട് വന്നാൽ പണം തരാമെന്ന് അറിയിച്ചു വീടിന് മുൻപിലെത്തിയപ്പോൾ ഇയാൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു. ആദ്യ കേസിൽ അറസ്റ്റ് ഉണ്ടായെങ്കിലും രണ്ടാം കേസിലെ പ്രതി ഇപ്പോഴും കാണാമറയത്താണ്.
കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിൽ നടന്നത് മറ്റൊരു സംഭവമായിരുന്നു.പത്തനംതിട്ട മൈലപ്രയിൽ വഴിയോരത്ത് നിന്ന് കച്ചവടം നടത്തുന്ന രമണിയെന്ന യുവതിയെയാണ് ബൈക്കിൽ എത്തിയ ആൾ സമ്മാനം അടിച്ച ടിക്കറ്റിന്റെ കളർ കോപ്പി നൽകി പറ്റിച്ചത്.2000 രൂപ സമ്മാനം അടിച്ച ടിക്കറ്റിന്റെ കളർ കോപ്പി നൽകി 500 രൂപയുടെ ടിക്കറ്റും ബാക്കി 1500 രൂപയും വാങ്ങി കടന്നുകളയുകയായിരുന്നു.ഹെൽമെറ്റ് വച്ചിരുന്നതിനാൾ ആളെ തിരിച്ചറിയാനും രമണിക്ക് സാധിച്ചില്ല.
വൈകുന്നേരം പത്തനംതിട്ടയിലെ ഹോൾസെയിൽ കടയിൽ ടിക്കറ്റുമായി ചെന്നപ്പോഴാണ് രമണി തട്ടിപ്പ് മനസ്സിലാക്കുന്നത്.രോഗിയായ ഭർത്താവും സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളും പ്രായമായ അച്ഛനും അമ്മയും ഉൾപ്പെട്ട കുടുംബത്തിലെ ഏക വരുമാനമെന്ന് പറയുന്നത് രമണി രാവന്തിയോളം വെയിലുകൊണ്ട്  ടിക്കറ്റ് വിൽക്കുന്നത് വഴി കിട്ടുന്ന കമ്മീഷനാണ്.ഇപ്പോൾ മഴയായതിനാൽ പലദിവസവും കച്ചവടം മോശമാണെന്ന് രമണി പറയുന്നു.അതിന്റെ ഇടയ്ക്കാണ് ഇത്തരം തട്ടിപ്പുകൾ.
കഴിഞ്ഞ ദിവസം തിരുത്തിയ നമ്പരുമായി പണം മാറാൻ എത്തിയ നാലു പേരെ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെ കച്ചവടക്കാർ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
6 രൂപ 50 പൈസയാണ് ഒരു ടിക്കറ്റ് വിറ്റാൽ വിൽപ്പനക്കാർക്ക് കമ്മീഷനായി ലഭിക്കുന്നത്.സമ്മാനം അടിച്ചാൽ
 5000-ത്തിന്  570, 2000- ത്തിന് 240, 1000-ത്തിന് 120, 500- ന് 60, 200-ന് 24, 100- ന് 20 എന്നിങ്ങനെയാണ് കമ്മീഷൻ.

Back to top button
error: