KeralaNEWS

ഭാര്യയുടെയും കുഞ്ഞിന്‍റെയും മുമ്പിൽ വെച്ച് യുവാവിന് അസഭ്യവര്‍ഷം; സി.ഐക്കെതിരെ പരാതി

കണ്ണൂര്‍: മുൻകൂർ ജാമ്യ നടപടികൾ പൂർത്തിയാക്കാനെത്തിയ യുവാവിനെ ഭാര്യയുടെയും കുഞ്ഞിന്‍റേയും മുമ്പിൽ വെച്ച് പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. പണമിടപാട് സംബന്ധിച്ച കേസിൽ ജാമ്യം കിട്ടിയ കോഴിക്കോട് സ്വദേശി ഷഹബാസിനും കുടുംബത്തിനുമെതിരെയായിരുന്നു കണ്ണൂർ സി ഐയുടെ അസഭ്യവർഷം. തനിക്കും കുടുംബത്തിനുമുണ്ടായ മാനഹാനിക്കെതിരെ ഷഹബാസ് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകി.

കോഴിക്കോട് കല്ലായിയിൽ മരക്കച്ചവടം നടത്തുന്ന ഷഹബാസാണ് സിഐക്കെതിരെ പരാതി നല്‍കിയത്. തടിക്കച്ചവടത്തിന്റെ പണമിടപാടിൽ നേരത്തെ ഷഹബാസിനെതിരെ കണ്ണൂ‍ര്‍ സ്വദേശി പരാതി നൽകിയിരുന്നു.ബിസിനസിൽ പങ്കാളിയായ ഭാര്യ അഹാനയും കേസിൽ പ്രതിയാണ്. ഈ കേസിൽ മുൻകൂർ ജാമ്യം കിട്ടി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു ഷഹബാസും ഭാര്യയും. നടപടികൾ പൂർത്തിയാക്കിയ ശേഷം മണിക്കൂറുകൾ തന്നെ തടഞ്ഞുവച്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അസഭ്യം പറഞ്ഞെന്നാണ് ഷഹബാസ് ആരോപിക്കുന്നത്.

തന്‍റെയും നാലുവയസ്സുകാരിയായ മകളുടെയും മുന്നിൽ വച്ച് ഉദ്യോഗസ്ഥൻ നടത്തിയ അസഭ്യവർഷത്തിന്‍റെ മാനസികാഘാതത്തിൽ നിന്ന് അഹാന ഇനിയും മോചിതയായിട്ടില്ല. മയക്കുമരുന്ന് കേസിലുൾപ്പെടെ അകപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അഹാന പറയുന്നു. കോൺഗ്രസ് അനുഭാവിയായ തന്‍റെ അഭ്യർത്ഥന കേട്ട് ഇടപെട്ട നേതാക്കൾക്കെതിരെയും സിഐ അസഭ്യവർഷം തുടർന്നുവെന്ന് ഷഹബാസ് പറഞ്ഞു. ഇതിന്‍റെ ഫോൺ റെക്കോർഡ് സഹിതമാണ് ഷഹബാസ് മനുഷ്യാവകാശകമ്മീഷന് ഉൾപ്പെടെ പരാതി നൽകിയത്.

മുൻകൂർ ജാമ്യമുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണമെന്നതുൾപ്പെടെയുളള വ്യവസ്ഥകൾ ഷഹബാസ് പാലിച്ചില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പലതവണ വിളിച്ചിട്ടും പ്രതികരിച്ചില്ല. സ്റ്റേഷനിലെത്തിയുളള ഇയാളുടെ പെരുമാറ്റം പ്രകോപനമുണ്ടാക്കും വിധമായിരുന്നെന്നും അസഭ്യം പറഞ്ഞില്ലെന്നുമാണ് കണ്ണൂർ പൊലീസ് നല്‍കുന്ന വിശദീകരണം.

Back to top button
error: