KeralaNEWS

ഏകാധിപതികള്‍ക്ക് രാഷ്ട്രീയ എതിരാളികളെ ഭയം: വിഡി സതീശന്‍

ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രത്തിലെ മോദി ഭരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായുള്ള ഇ.ഡി.നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാര്‍. ഏകാധിപതികളായ ഹിറ്റ്‌ലറിനും മുസോളിനിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയമാണ്. ഇവരെല്ലാം ഭയത്തില്‍ ജീവിക്കുന്ന ഭീരുക്കളാണ്. രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെയെ സ്വപ്‌നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി. ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം ശക്തമായ തിരിച്ചുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികളെ അപകീര്‍ത്തിപ്പെടുത്താനും ഇഷ്ടക്കാരുടെ ചെയ്തികളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനും ഉപയോഗിക്കുന്നു.

കേരളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് ഇ.ഡി അന്വേഷിക്കാന്‍ സാധ്യമല്ല. കള്ളപ്പണം സംബന്ധിച്ച ഇടപാടുകള്‍മാത്രമാണ് ഇഡിക്ക് അന്വേഷിക്കാന്‍ സാധിക്കുക. ഇഡി അന്വേഷണത്തില്‍ മാത്രം ഒതുക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി മേല്‍ നോട്ടത്തില്‍ സിബി ഐ അന്വേഷണമാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിബി ഐ അന്വേഷണം വിശ്വാസയോഗ്യമല്ല. കാരണം സിപിഎമ്മും സംഘപരിവാറും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സന്ധിചെയ്ത് സിബി ഐ അന്വേഷണത്തെ അട്ടിമറിക്കുമെന്നും അതിനാലാണ് കോടതി നിരീക്ഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Back to top button
error: