LIFESocial Media

ബസിന്റെ പിന്‍ചക്രത്തിനു മുന്നിലേക്ക് വീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്; അദ്ഭുത രക്ഷപ്പെടല്‍ വീഡിയോ

ബെംഗളൂരു: ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്. ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ബെംഗളൂരു പോലീസ് ആണ് പങ്കുവച്ചത്. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍. രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള്‍ തെറിച്ച് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ.

ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് മനസ്സിലാകുന്നത്.

വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന്‍ 19-കാരനായ അലക്സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. വീട്ടില്‍ നിന്ന് റൊട്ടി വാങ്ങാന്‍ ബേക്കറിയിലേക്ക് പോകുമ്പോഴാണ് വളവില്‍ ബസ് വരുന്നത് കണ്ടത്. പതറിപ്പോയ ഇയാള്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തെന്നി ബസിനടിയില്‍പ്പെടുകയായിരുന്നു.

ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു. അലക്സിന് അപകടത്തില്‍ വലിയ പരിക്കില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: