NEWSWorld

പ്രാണൻ രക്ഷിക്കാനുള്ള അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യാൻ 4 പേര്‍ കേരളത്തില്‍നിന്ന് സൗദിയിലേക്കു വിമാനം കയറി

ഒരു ഇളം ജീവൻ രക്ഷിക്കാനായി സ്നേഹവും കാരുണ്യവും കൈമുതലായ 4 പേര്‍ കേരളത്തില്‍നിന്ന് സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരള അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂര്‍, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ എന്നിവര്‍ കഴിഞ്ഞദിവസം കരിപ്പൂരില്‍നിന്ന് പുറപ്പെട്ടത്.

ഹൃദയ ശസ്ത്രക്രിയയ്ക്ക് അടിയന്തരമായി ബോംബെ ഒ പോസിറ്റീവ് രക്തം എത്തിക്കണമെന്ന് സൗദി പൗരനോട് ഡോക്ടര്‍മാർ നിര്‍ദേശിച്ചു. തുടര്‍ന്ന് ബന്ധുകള്‍ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതിനിടെ വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട് നാട്ടിലെ ബന്ധുക്കളുമായും ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ളവരെ കണ്ടെത്തിയത്. വിവരം അറിയിച്ചതോടെ നാല് പേരും സൗദിക്ക് പുറപ്പെടാൻ സമ്മതിക്കുകയായിരുന്നു.

Back to top button
error: