IndiaNEWS

“വയോധികനായ പിതാവ് വേറെ താമസിച്ചാലും പരിപാലിക്കേണ്ട ഉത്തരവാദിത്വം മകനുണ്ട്, ഒഴിഞ്ഞുമാറാനാവില്ല,” സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

വാർധക്യം എന്നത്‌ ചിലർക്കുമാത്രം വരുന്ന ഒരവസ്ഥയല്ല. ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണ്.  കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

ഇതിനിടയിലാണ് ബോംബെ ഹൈക്കോടതിയുടെ പ്രസക്തമായ ഒരു വിധി വന്നത്. വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് ബോംബെ ഹൈക്കോടതി വിധിച്ചത്. വീട്ടിൽ നിന്ന് അകന്നു കഴിയുന്ന പിതാവിനെ സംരക്ഷിക്കാനാവില്ല എന്നാ മകൻ്റെ വാദം കോടതി അംഗീകരിച്ചില്ല. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നല്‍കൂ എന്ന് വ്യവസ്ഥ വെക്കാനും കഴിയി​ല്ലെന്ന് കോടതി വ്യക്തമാക്കി.

മകന്‍ ഹരിഭാവു ബേഡ്കെ ജീവനാംശം നൽകണം എന്നാവശ്യപ്പെട്ട് പിതാവ് ജഗന്നാഥ് ബേഡ്കെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജഡ്ജി വിഭ കങ്കന്‍വാടി വിധി പറഞ്ഞത്. പ്രതിമാസം 3000 രൂപ പിതാവിന് നല്‍കണമെന്ന് മകനോട് കോടതി ഉത്തരവിട്ടു.
“അച്ഛനെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അമ്മ താമസിക്കുന്നത് പോലെ അച്ഛനും തന്നോടൊപ്പം വന്ന് നില്‍ക്കണമെന്ന് മകന്‍ നിബന്ധന വെച്ചതായി അറിഞ്ഞു. മകന് അങ്ങനെയൊരു വ്യവസ്ഥ വെക്കാന്‍ അധികാരമില്ല’
ജഡ്ജി ഉത്തരവില്‍ പറഞ്ഞു.

‘അമ്മയും അച്ഛനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്. അമ്മ തനിക്കൊപ്പവും പിതാവ് വേര്‍പിരിഞ്ഞുമാണ് താമസിക്കുന്നത്’ മകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മകന്‍ പരിഗണിക്കേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

“നിര്‍ഭാഗ്യവശാല്‍ പിതാവിന് സ്വന്തം ചെലവ് കണ്ടെത്താന്‍ കഴിയുന്നില്ല. മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവരുന്നു. പിതാവിന്റെ ദുഷ്പ്രവണതകള്‍ കാരണം അമ്മയുമായി വേറിട്ടാണ് താമസിക്കുന്നത് എന്നാണ് മകന്‍ പറയുന്നത്. ഈ തര്‍ക്കങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. 73 വയസ്സിനു മുകളില്‍ പ്രായമുള്ള പിതാവ് 20 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്… ” കോടതി ചൂണ്ടിക്കാട്ടി.

Back to top button
error: