NEWSWorld

പ്രസിഡന്‍റ്-പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകൾ പൂർണമായി ഒഴിയണം; പ്രക്ഷോഭകർക്ക് റനിൽ വിക്രമസിംഗയുടെ മുന്നറിയിപ്പ്

കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭക‍ർക്ക് മുന്നറിയിപ്പുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനിൽ വിക്രമസിംഗ രംഗത്ത്. പ്രക്ഷോഭം നടത്തുന്നവ‍ർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസംഗ ആവശ്യപ്പെട്ടു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസംഗയെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിം​ഗെയെ പ്രസിഡന്‍റായി എത്തുന്നത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 225 ൽ 134 വോട്ടുകൾ നേടിയാണ് വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻറെ വോട്ടുകൾ കൂടി നേടാനായതാണ് വിക്രമസിം​ഗക്ക് ഗുണമായത്. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിം​ഗെക്ക്.

റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ് എൽ പി പിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ് എല്‍ പി പി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയം ഉറപ്പായത്. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ് ജെ ബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി പിന്തുണയ്ക്കുമെന്ന വിക്രമസിംഗെയുടെ കണക്കുകൂട്ടൽ ശരി‌യായി. സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു.

Back to top button
error: