KeralaNEWS

അട്ടപ്പാടി മധു കേസ്, ഇന്ന് പതിനാലാം സാക്ഷി ആനന്ദനും കഴിഞ്ഞ ദിവസം പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറും കൂറുമാറി, തുടർച്ചയായ നാലാം കൂറുമാറ്റം

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷി ആനന്ദ് ആണ് ഇന്ന് കൂറുമാറിയത്. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണി നേരിടുന്നുണ്ടെന്നും മധുവിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് വീണ്ടും കൂറുമാറ്റം

പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.

നേരത്തെ 10ഉം 11ഉം സാക്ഷികൾ കൂറുമാറിയിരുന്നു.

കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവുണ്ടായിരുന്നു .പാലക്കാട് ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകാനും തീരുമാനമായിരുന്നു.

മണ്ണാര്‍ക്കാട് എസ് സി, എസ്ടി കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സര്‍ക്കാര്‍ നിയോഗിച്ച ശേഷമാണ് ഇടേവളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും വിചാരണ പുനരാരംഭിച്ചത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്‌ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി.

സ്‌പെഷ്യൽ പബ്‌ളിക്‌ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു. ഒടുവിൽ സി രാജേന്ദ്രൻ സ്‌ഥാനമൊഴിയുകയും പകരം, രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തു.

Back to top button
error: