CrimeNEWS

വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന: 36 പൊതികളുമായി യുവാവ് പിടിയില്‍

മലപ്പുറം: വിദ്യാർഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിന്‍റെ 36  പൊതികളാണ് പൊലീസ് പ്രതിയില്‍ നിന്നും കണ്ടെത്തിയത്.

വർഷങ്ങളായി മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ സ്‌കൂൾ പരിസരങ്ങളിലും കുറുപ്പത്താൽ ടൗൺ കേന്ദ്രീകരിച്ച് പ്രദേശവാസികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അർജുനെന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും  എക്സൈസ് അധികൃതർ പറഞ്ഞു.

എക്സൈസ് ഓഫീസർ യു കുഞ്ഞാലൻകുട്ടി സിവിൽ എക്സൈസ് ഓഫീസർ കെ നിപൺ, മുഹമ്മദ് നിസാർ എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ബസ് സ്റ്റാൻഡിന് പിറകിലെ ഇടവഴികളും റോഡുമാണ്കഞ്ചാവ് ലോബി ഇവർ താവളമാക്കുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള കഞ്ചാവ് വിൽപ്പനക്ക് തടയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Back to top button
error: