KeralaNEWS

മലപ്പുറത്ത് ഉത്തരപ്പേപ്പറില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചു; പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി

മലപ്പുറം: കുരങ്ങന്‍ ഉത്തരപ്പേപ്പറിലേക്ക് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പ്ലസ് വണ്‍ പരീക്ഷ വീണ്ടും എഴുതാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ഥിനി രംഗത്ത്. മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കെ.ടി. ഷിഫ്ലയാണ് ഇതു സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കാടിനടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ കുരങ്ങന്മാര്‍ കയറുന്നത് പതിവാണ്. കഴിഞ്ഞ മാസം 24 ന് പ്ലസ് വണ്‍ ബോട്ടണി പരീക്ഷക്കിടെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

പരീക്ഷാ ഹാളില്‍ ഏറ്റവും പിറകിലെ ബെഞ്ചിലായി ഇരുന്ന ഷിഫ്ലയുടെ ഉത്തരക്കടലാസിലേക്ക് മുകളിലിരുന്ന കുരങ്ങന്‍ മൂത്രമൊഴിക്കുകയായിരുന്നു. ഉത്തരക്കടലാസും ഹാള്‍ ടിക്കറ്റും, ചോദ്യ കടലാസ്സുമെല്ലാം നനഞ്ഞു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്.

ക്ലാസിലുണ്ടായിരുന്ന ടീച്ചറോട് പറഞ്ഞപ്പോള്‍ ആദ്യം വേറെ ചോദ്യപേപ്പര്‍ ഇല്ലെന്ന് പറഞ്ഞു. ഉത്തരക്കടലാസ് തന്ന് വീണ്ടും എഴുതാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നെ പ്രിന്‍സിപ്പലിനെ അറിയിച്ച് രണ്ടാമത് ചോദ്യപേപ്പര്‍ കിട്ടിയപ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരുന്നു. എന്ന് ഷിഫ്ല പറഞ്ഞു.

തുടര്‍ന്ന് താന്‍ ആകെ ടെന്‍ഷനിലായി. ആദ്യം എഴുതിയത് മുഴുവന്‍ വീണ്ടും എഴുതേണ്ട അവസ്ഥ. എന്നാല്‍ നഷ്ടപ്പെട്ട സമയം അധികം തന്നതുമില്ല. ഇത്ര സമയമേ തരാന്‍ പറ്റൂ എന്ന നിലപാടിലായിരുന്നു ഇന്‍വിജിലേറ്റര്‍. ‘ഇക്കാര്യം പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അതത്ര ഗൗരവത്തിലെടുത്തില്ല. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ഷിഫ്‌ല പറഞ്ഞു.

ക്ലാസിലുണ്ടായിരുന്ന ടീച്ചര്‍ കുരങ്ങനെ ഓടിക്കാന്‍ നോക്കിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത് പോലെ സംഭവിക്കില്ലായിരുന്നു എന്നും തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ട പരീക്ഷ വീണ്ടും എഴുതാന്‍ അവസരം ലഭിക്കണം എന്നുമാണ് ഷിഫ്ലയുടെ ആവശ്യം.’തുടര്‍ന്ന് ഷിഫ്ലയുടെ പിതാവ് ഹബീബ് റഹ്‌മാന്‍ ഇത് സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കി.

 

Back to top button
error: