IndiaNEWS

പി.ടി ഉഷ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, ചുവപ്പിൽ നിന്ന് ഉഷ കാവിയിലേക്ക് ട്രാക്ക് മാറിയപ്പോൾ

ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് പകൽ 11 മണിയോടെയാണ് സഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് മുമ്പാകെ ഉഷ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പിടി ഉഷ പിന്നീട് പറഞ്ഞു. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പിടി ഉഷ പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രശസ്തരായ പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരാണ് മറ്റ് മൂന്ന് പേർ. നടൻ സുരേഷ് ഗോപിയുടെ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് കേരളത്തിൽ നിന്ന് പി.ടി ഉഷയെ രാജ്യസഭാംഗമാക്കിയത്.
ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി പി.ടി.ഉഷ കൂടിക്കാഴ്ച നടത്തി. ബിജെപി ആസ്ഥാനത്തെത്തിയാണ് ഉഷ നദ്ദയെ കണ്ടത്. ദില്ലി രാജ്യാന്തര വിമാനത്താവളത്തിൽ പി.ടി ഉഷയെ ബി.ജെ.പി എം.പി മനോജ് തിവാരിയടക്കമുള്ളവരെത്തിയാണ് സ്വീകരിച്ചത്.

ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ പിടി ഉഷ ബി.ജെ.പി ട്രാക്കിലേക്ക് മാറിയതാണ് ഇപ്പോൾ ചർച്ചയാവുന്നത്. സി.പി.എം സഹയാത്രികയായിരുന്ന ഉഷ ട്രാക്ക് മാറിയോടാൻ പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും ഈ മാറ്റങ്ങൾ വർഷങ്ങൾക്കു മുമ്പുതന്നെ ഉഷയിൽ പ്രകടമായിരുന്നു.

ഉഷയെപ്പോലെ അന്താരാഷ്ട പ്രശസ്തയായ ഒരത്‌ലറ്റിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതിൽ ഒരു തെറ്റും കാണാനാവില്ല. തമിഴ്നാട്ടിൽ നിന്ന് ഇളയരാജ ഉൾപ്പെടെ തെന്നിന്ത്യയിൽ നിന്ന് നാല് പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമ്പോൾ ബി.ജെ.പിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശങ്ങൾ നൽകാനുണ്ട്. ഉഷയെ ബി.ജെ.പി പണ്ടു മുതലേ നോട്ടമിട്ടതാണ്. ഉഷാ സ്കൂൾ കിനാലൂരിലേക്ക് മാറിയ കാലത്ത് തന്നെ കെ. സുരേന്ദ്രനെ ട്രസ്റ്റി ബോർഡിൽ ഉൾപ്പെടുത്തി കിട്ടാൻ ബി.ജെ.പി ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അന്നൊന്നും ഉഷ വഴങ്ങിയില്ല. പക്ഷേ ബി.ജെ.പി ഭരണം കേന്ദ്രത്തിൽ ഉറക്കുന്നു എന്ന തോന്നലുണ്ടായത് മുതൽ ഉഷയും മോദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയായിരുന്നു. അങ്ങിനെയാണ് ഉഷാ സ്കൂളിന്റെ ഒരു അനുബന്ധം ഗുജറാത്തിൽ തുടങ്ങുന്നതിന് ഉഷക്ക് ക്ഷണം ലഭിച്ചതും ഉഷ അതേറ്റെടുത്തതും.
രണ്ടാം മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുമായി മോദി കോഴിക്കോട്ടെത്തിയപ്പോൾ ഉഷയുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.  കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ചുവപ്പ് ഷാൾ നേർത്ത് കാവിയാകുന്നതിന്റെ ലക്ഷണങ്ങൾ അവരേയും ഭർത്താവിനേയും സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവർക്കിടയിൽ പ്രകടമാവുകയും ചെയ്തിരുന്നു.

സി.പി.എം കേന്ദ്ര സമിതി അംഗവും രാജ്യസഭാ മെമ്പറുമായ എളമരം കരീമാണ് ഉഷയുടെ രാജ്യസഭാ പ്രവേശവുമായി ബന്ധപ്പെട്ട വിമർശനമായി ആദ്യം രംഗത്ത് വന്നത്.
ഉഷക്ക് ജന്മനാടായ പയ്യോളിയിൽ സ്വീകരണമൊരുക്കിയപ്പോൾ അത് കേവലം ഒരു ബി.ജെ.പി പരിപാടിയായാണ് സംഘടിപ്പിച്ചത്. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ തുടക്കക്കാരായ സി.പി.എം നേതാക്കളാരും പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടില്ല.

കോഴിക്കോട് പോളീ ടെക്നിക്കിനടുത്ത് ഉഷക്ക് വീടുവെക്കാൻ ഭൂമി അനുവദിക്കുന്നതിനുള്ള നീക്കം വിവാദമായിരുന്നു. അന്നത് അട്ടിമറിക്കപ്പെട്ടത് സ്പോർട്സുമായി ബന്ധപ്പെട്ട സ്ഥലത്തെ ഒരു സി.പി.എം നേതാവിന്റെ പ്രേരണയാലാണത്രേ.
പയ്യോളിയിൽ നിലവിലുള്ള ഉഷയുടെ വീട് നിർമ്മിച്ചു നൽകിയത് സംസ്ഥാന സർക്കാരാണ്. പ്രതിവർഷം 25 ലക്ഷം രൂപാവീതം സംസ്ഥാന സർക്കാർ ഉഷാ സ്കൂളിന് നൽകുന്നുണ്ട്. സർക്കാറിന്റെ 30 ഏക്കർ കണ്ണായ ഭൂമിയാണ് കിനാലൂരിൽ ഉഷക്ക് സൗജന്യമായി നൽകിയത്. ഇതിന് പുറമേയാണ് വിവിധ സംരംഭകരും മറ്റും നൽകുന്ന കോടികൾ.

രണ്ടായിരത്തിൻ്റെ തുടക്കത്തിലാണ് സി.പി.എം നേതൃത്വത്തിൽ ഇത്തരമൊരു സ്കൂൾ ആരംഭിക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. കൊയിലാണ്ടി സി.ഐ.ടി.യു ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എ.കെ.ജി ആർട്സ് ആന്റ് സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിന് തുടക്കമായ 2002 മുതൽ ഉഷയുടെ ഒരു പരിപാടി കിട്ടണമെങ്കിൽ സി.പി.എം നേതാക്കളെ ബന്ധപ്പെട്ടണമായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്നോടിയായി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന പാർട്ടി പ്രചാരണ ജാഥയിലും പൗരപ്രമുഖരുടെ യോഗത്തിലുമൊക്കെ ഉഷ താരമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഉഷ സി.പി.എം ട്രാക്കിൽ നിന്ന് ദൂരെ മാറിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് ഉഷയെ കോൺഗ്രസ്സ് ട്രാക്കിലെത്തിക്കാൻ നീക്കം നടന്നെങ്കിലും അതു വിഫലമായി.

ഒരു സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് ഉഷയുടെ അന്താരാഷ്ട പ്രശസ്തി മാർക്കറ്റ് ചെയ്ത് വലിയ തോതിൽ ധനസമാഹരണം നടത്താനും ഒരു അന്താരാഷ്ട്ര സ്പോർട്സ് സ്കൂൾ സ്ഥാപിക്കാനുമായിരുന്നു നീക്കം.
കായിക വികസനത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമായിരുന്ന ഒരു സ്ഥാപനം  ജനങ്ങളുടെ പണമുപയോഗിച്ച് പടുത്തുയർത്തുമ്പോൾ അത് ജനങ്ങളുടെ സ്വത്തായി എന്നും നിലനിർത്താനുള്ള ബാദ്ധ്യത അതിന്റെ സംഘാടകർക്ക് ഉണ്ടാവേണ്ടതായിരുന്നു.
ഒരു സ്വകാര്യ ട്രസ്റ്റായാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തത്. പി ടി ഉഷ, ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ, സി.പി.എം നേതാക്കളായ ടി പി ദാസൻ, പി വിശ്വൻ ഉൾപ്പടെ ഏഴ് പേരെ പെർമനന്റ് ട്രസ്റ്റിമാരാക്കിയാണ് സ്കൂൾ രൂപീകരിച്ചത്. പക്ഷേ പഴയ പേരുകാരിൽ ഉഷയും ഉഷയുടെ ഭർത്താവ് ശ്രീനിവാസനും മാത്രമാണ് ട്രസ്റ്റിലുള്ളത്. മറ്റുള്ളവരെയൊക്കെ കാലക്രമേണ ഒഴിവാക്കി. ഇപ്പോൾ ഉഷയുടെ അടുത്ത ബന്ധുക്കളായ ചിലരുടെ പേരുകളും ട്രസ്റ്റിമാരുടെ ലിസ്റ്റിലുണ്ട്.

ഈ സംരംഭത്തിന് സഹായമഭ്യർത്ഥിച്ച് സി.പി.എം ആദ്യം സമീപിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ കെ നായനാരെയാണ്. നയനാർ തന്റെ സ്വതസിദ്ധമായ നർമ്മ സംഭാഷണങ്ങളിലൂടെ ഉഷയെ സ്വാഗതം ചെയ്തു. ‘ഇഞ്ഞി പയ്യോളീന്ന് ഇടത്തേക്ക് ഓടി വന്നതാ ഉഷേ’ എന്ന നായനാരുടെ ചോദ്യം എല്ലാവരേയും രസിപ്പിച്ചു. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി നായനാർ വാഗ്ദാനം ചെയ്തു. പ്രാഥമിക ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.  പ്രാഥമിക ബാച്ച് എന്ന നിലയിൽ കുറേ കുട്ടികളെ തെരഞ്ഞെടുത്ത് കൊയിലാണ്ടി ഹൈസ്കൂൾ ഗ്രൗണ്ടിലും ബീച്ചിലുമൊക്കെയായി പരിശീലനം ആരംഭിച്ചു. ആളുകളിൽ നിന്ന് പണവും മുട്ട,പാൽ തുടങ്ങിയ ഉല്പന്നങ്ങളും പിരിച്ചെടുത്താണ് ചെലവുകൾ നിർവഹിച്ചത്.
അന്താരാഷ്ട്ര തലത്തിൽ തന്നെ കോടികൾ സമാഹരിക്കാനുളള നീക്കങ്ങൾ അപ്പോഴും തകൃതിയായി നടന്നു. പന്തലായനിയിലെ കോട്ടക്കുന്നിൽ സർക്കാർ ചെലവിൽ 30 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമമുണ്ടായെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം നടന്നില്ല.

സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് കിനാലൂരിൽ വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമി കൈമാറുന്നതിന് നീക്കങ്ങൾ നടന്നത്. സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വ്യവസായ വകുപ്പിന്റെ ഭൂമി ഏക്കറിന് ഒരു രൂപാ നിരക്കിൽ വില്പന നടത്തിയതായി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇവിടെ ഉഷാ സ്കൂളിന്റെ ഓഫീസും ഹോസ്റ്റലുകളുമുൾപ്പെട്ട കെട്ടിട സമുച്ചയം നിർമ്മിച്ചു നൽകിയത് ഇൻഫോസിസുമായി ബന്ധപ്പെട്ട ടി എൻ സി മേനോനാണ്. യു പി എ സർക്കാരിന്റെ കാലത്താണ് സിന്തറ്റിക്ക് ട്രാക്കിനു ഫണ്ടനുവദിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം കമ്പനികൾ അവരുടെ സി.എസ്.ആർ (Corporate Social Responsibility) ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ സ്കൂളിന് സംഭാവനയായി നൽകി.

അഞ്ചു വർഷം കൊണ്ട് ഒളിമ്പിക്സിൽ അത് ലറ്റിക് ഇനങ്ങളിൽ സ്വർണ്ണം നേടാൻ കഴിയും എന്നായിരുന്നു തുടക്ക കാലത്തെ പ്രഖ്യാപനം. അതിനുതകും വിധം കുറ്റമറ്റ പരിശീലനം എന്നൊക്കെയായിരുന്നു പ്രചാരണം. പക്ഷേ രണ്ട് പതിറ്റാണ്ടിന് ശേഷവും കായികരംഗത്ത് വലിയ സംഭാവനകളൊന്നും ഉഷാ സ്കൂളിന്റേതായി ചൂണ്ടിക്കാണിക്കാനില്ല.
ഈ രണ്ട് പതിറ്റാണ്ടിനിടയിൽ അധികാരത്തിൽ വന്ന മിക്കവാറും സർക്കാരുകൾ സ്കൂളിന് പൊതുപണം ധാരാളമായി അനുവദിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ഫണ്ടിംഗും ധാരാളമായി ലഭിച്ചു. ഈ തുകയൊക്കെ ഏതാനും പേരുടെ സ്വകാര്യ സ്വത്തായി മാറി എന്നതാണ് വാസ്തവം.

Back to top button
error: