NEWSWorld

റെനില്‍ വിക്രമസിംഗെ ലങ്കന്‍ പ്രസിഡന്റ്; അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രക്ഷോഭകര്‍

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. 225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ അധികാരത്തിലേക്ക് എത്തുന്നത്. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും പ്രസിഡന്റും സ്ഥാനം രാജിവച്ച ശ്രീലങ്കയില്‍ ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചു. പിന്നാലെ പ്രക്ഷോഭം ശക്തമായി പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവയ്ക്കുകയും നാടുവിടുകയും ചെയ്തു. ഇതോടെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് ഭരണം നടത്തിവരികയായിരുന്നു റെനില്‍ വിക്രമസിംഗെ. എന്നാല്‍ റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍ അദ്ദേഹത്തിന്റെ കോലം പ്രസിഡന്റ് ഓഫീസിന് മുന്നില്‍ കത്തിച്ചിരുന്നു.

 

പ്രതിസന്ധിയും പ്രതിഷേധവും രൂക്ഷമായി തുടരുന്ന ലങ്കയില്‍, അധികാരത്തിലെത്തിയ വിക്രമസിംഗെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആക്ടിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പോലീസിനും സേനയ്ക്കും കൂടുതല്‍ അധികാരം നല്‍കികൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാണ് വിക്രമസിംഗെ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്നും ഒരു വര്‍ഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തുമെന്നുമാണ് റനില്‍ അവകാശപ്പെടുന്നത്.

Back to top button
error: