CrimeNEWS

മകനെ കൊന്ന് മൃതദേഹം മൂന്ന് മാസം സൂക്ഷിച്ച അമ്മ ലഹരിക്ക് അടിമയെന്ന് അന്വേഷണ സംഘം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം മകനെ കൊന്ന ശേഷം മൃതദേഹം മൂന്ന് മാസത്തോളം വീട്ടില്‍ ഒളിപ്പിച്ചുവെച്ച വീട്ടമ്മ അറസ്റ്റില്‍. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിശദമായ അന്വേഷണത്തില്‍ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

‘സഖര്‍ അല്‍ മുതൈരി’ എന്ന ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത്. മകന്‍ ‘പ്രശ്നമുണ്ടാക്കിയെന്നും’ അത് അവസാനിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. പ്രതിയും അവരുടെ മൂത്ത മകനും കൊല്ലപ്പെട്ട ബാലനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവത്തിന്റെ കാഠിന്യം കാരണം തലയില്‍ ശക്തമായ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞിരുന്നതായും പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഫെബ്രുവരിയിലാണ് കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം മൂന്ന് മാസത്തോളം വീട്ടിലെ ഒരു മുറിയില്‍ തന്നെ സൂക്ഷിച്ചു. വീട് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാതെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ മേയ് അവസാനത്തോടെ മറ്റൊരു മോഷണക്കേസില്‍ വീട്ടമ്മ അറസ്റ്റിലാവുകയായിരുന്നു.

ഈ സമയത്ത് ഇവര്‍ തന്റെ മൂത്ത മകനോട് മൃതദേഹം ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. തുണിയിലും കാര്‍പ്പറ്റിലും പൊതിഞ്ഞ് വീടിന് സമീപം എവിടെയെങ്കിലും മൃതദേഹം കളയാനായിരുന്നു നിര്‍ദേശം. എന്നാല്‍ മകന്‍ മുനിസിപ്പാലിറ്റി ജീവനക്കാരെ സമീപിച്ച് സഹായം തേടി. ചത്ത മൃഗത്തിന്റെ ശരീരമാണെന്നും ഉപേക്ഷിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച മുനിസിപ്പാലിറ്റി ജീവനക്കാര്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്‍തു. പിന്നീടാണ് കുട്ടിയുടെ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതും അന്വേഷണം ഇവരിലേക്ക് എത്തിയതും. അന്വേഷണത്തിന്റെ ഭാഗമായി പ്രതി ഇപ്പോള്‍ 21 ദിവസത്തേക്ക് പ്രോസിക്യൂഷന്റെ കസ്റ്റഡിയിലാണ്.

Back to top button
error: