NEWS

ശരീരം നൽകുന്ന മുന്നറിയിപ്പുകളെ അവഗണിക്കരുത്

രീരം പ്രകടമാക്കുന്ന പല ലക്ഷണങ്ങളും  അവഗണിക്കുന്നത് നമ്മളിൽ പലരുടെയും പതിവാണ്.പ്രത്യേകിച്ചും പുരുഷന്മാരുടെ. ഡോക്ടറെ കാണാനുള്ള മടിയാകാം ഒരു കാരണം. എന്നാല്‍ അസാധാരണമായ എന്ത് വ്യത്യാസങ്ങൾ കണ്ടാലും തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

മൂത്രമൊഴിക്കാന്‍ പ്രയാസം

മൂത്രമൊഴിക്കാന്‍ പ്രയാസം, മൂത്രത്തിലോ ബീജത്തിലോ രക്തം, ശീഘ്രസ്ഖലനം മുതലായവ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം. ഇവ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമാകാം. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുമ്ബോഴാകും പ്രോസ്റ്റേറ്റ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുക.

 

വൃഷണങ്ങള്‍ക്കു മാറ്റം

സ്ത്രീകള്‍ക്കു തങ്ങളുടെ സ്തനങ്ങള്‍ എത്രമാത്രം പരിചിതമാണോ അതുപോലെ പുരുഷന്മാര്‍ തങ്ങളുടെ വൃഷണങ്ങള്‍ക്കും ശ്രദ്ധ കൊടുക്കണം. വലുപ്പത്തില്‍ വ്യത്യാസം കാണുക, വീക്കമോ കട്ടി കൂടുതലോ അനുഭവപ്പെടുക, മുഴയുള്ളതുപോലെ തോന്നുക ഇവയെല്ലാം ടെസ്റ്റികുലാര്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും ഈ കാന്‍സര്‍ കാണുന്നു.

 

ചര്‍മത്തിലെ മാറ്റങ്ങള്‍

50 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്ക് സ്ത്രീകളെപ്പോലെ ചര്‍മാര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണ്. ചെറുപ്പക്കാരില്‍ മെലനോമയ്ക്കുളള സാധ്യത 40 ശതമാനമാണ്. പുരുഷന്മാര്‍ വെയിലത്ത് കൂടുതല്‍ സമയം നില്‍ക്കുന്നതു കൊണ്ടും തലയോട്ടിയും ചെവികളും മൂടാത്തതു കൊണ്ടും ഈ സ്ഥലങ്ങളില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടും. പലരും ഇരുണ്ട പാടുകളോ മറുകോ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ മറുക് കൂടുതല്‍ ഇരുണ്ടതാകുകയോ വലുതാകുകയോ പൊങ്ങിവരുകയോ ചെയ്താല്‍ കാന്‍സര്‍ പരിശോധന നടത്തണം.

 

വായ്ക്കുള്ളില്‍ വേദനയോ വ്രണമോ

സാധാരണ വായ്പുണ്ണ് കുറച്ചു ദിവസം കഴിയുമ്ബോള്‍ മാറും. പല്ലുവേദന വന്നാല്‍ അതിനും പരിഹാരം തേടാം. എന്നാല്‍ ഭേദമാകാത്ത വ്രണങ്ങളോ നീണ്ടു നില്‍ക്കുന്ന വേദനയോ മോണകളിലോ നാക്കിലോ വെളുത്ത പാടുകളോ കണ്ടാല്‍ ശ്രദ്ധിക്കണം. താടിയില്‍ വീക്കം കണ്ടാലും വൈദ്യസഹായം തേടണം. കാരണം ഇവ ചിലപ്പോള്‍ വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. പുകവലിക്കുകയോ പുകയില ചവയ്ക്കുകയോ ചെയ്യുന്ന പുരുഷന്മാര്‍ക്കും വായിലെ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

 

കടുത്ത ചുമ


ജലദോഷമോ മറ്റ് അലര്‍ജികളോ ഇല്ലാതെ വെറും ചുമ മൂന്നാഴ്ചയോ അതില്‍ കൂടുതലോ നീണ്ടാല്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം. ചുമയില്‍ രക്തത്തിന്റെ അംശം കണ്ടാലും സൂക്ഷിക്കണം.

 

മലത്തില്‍ രക്തം

മലത്തില്‍ രക്തം കാണുന്നത് പൈല്‍സിന്റെ മാത്രമല്ല കോളന്‍ കാന്‍സറിന്റെയും ലക്ഷണമാകാം. 50 വയസ്സാകുമ്ബോള്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു പൊതുവേ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ഈ കാന്‍സര്‍ കണ്ടുവരുന്നുണ്ട്. മലബന്ധമോ പൈല്‍സോ വന്നാല്‍ അത് മാറും. എന്നാലും പ്രശ്‌നങ്ങളൊന്നുമില്ല എന്നുറപ്പിക്കാന്‍ വൈദ്യ സഹായം തേടുന്നതാകും നല്ലത്.

 

വയറുവേദന, ഓക്കാനം


ഇടയ്ക്കു വരുന്ന ദഹനപ്രശ്‌നങ്ങളൊന്നും കാന്‍സര്‍ ആകില്ല. എന്നാല്‍ തുടര്‍ച്ചയായി വയറുവേദനയും ഓക്കാനവും വന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. അള്‍സര്‍ ആകാം കാരണം. അല്ലെങ്കില്‍ ലുക്കീമിയ, ഈസോഫാഗല്‍, കരള്‍, പാന്‍ക്രിയാറ്റിക്, കോളോറെക്ടല്‍ കാന്‍സറുകളില്‍ ഏതിന്റെയെങ്കിലും ലക്ഷണമാകാം.

 

ഇടയ്ക്കിടെ വരുന്ന പനി

പൊതുവേ ആരോഗ്യവാനാണെങ്കിലും ഇടയ്ക്കിടെ അസുഖമോ പനിയോ ഒക്കെ വരാറുണ്ടോ. അത് ലുക്കീമിയയുടെ ലക്ഷണമാകാം. ശ്വേത രക്താണുക്കളുടെ അളവ് നോര്‍മല്‍ അല്ലാതാകുകയും ഇത് അണുബാധ തടയാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കുകയും ചെയ്യും.

 

തൊണ്ടവേദന

സാധാരണ തൊണ്ടവേദനയെ പേടിക്കണ്ട. വീട്ടു മരുന്നുകള്‍ കൊണ്ടുതന്നെ അതു മാറും. എന്നാല്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന തൊണ്ടവേദനയും ഭക്ഷണം ഇറക്കാനുള്ള പ്രയാസവും തൊണ്ടയിലെയോ ശ്വാസകോശത്തിലെയോ ഉദരത്തിലെയോ കാന്‍സറിന്റെ ലക്ഷണമാകാം.

 

ശരീരഭാരം കുറയുക

ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ഈസോഫാഗല്‍, പാന്‍ക്രിയാറ്റിക്, ലിവര്‍, കോളന്‍ കാന്‍സറുകളുടെയോ ലുക്കീമിയ, ലിംഫോമ എന്നിവയുടെ ലക്ഷണമാവാം ഇത്.

 

 

 

ആദ്യഘട്ടത്തിൽ തന്നെ രോഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രോഗവിമുക്തി നേടാൻ കഴിയും എന്നത് മറക്കാതിരിക്കുക.

Back to top button
error: