CrimeNEWS

ഒരു തെളിവും അവശേഷിക്കാതെ മോഷണം നടത്തി മുങ്ങിയ കള്ളനെ കുടുക്കിയത് രണ്ടു കൊതുകുകള്‍ !

ട്ടുച്ചയ്ക്കാണ് ആ കള്ളന്‍ അടച്ചിട്ട ഒരു വീട്ടിലേക്ക് കയറിയത്. അവിടെ ചെന്ന അയാള്‍ രാത്രിവരെ അവിടെ കഴിഞ്ഞു. അതിനിടയില്‍ അയാള്‍ ഫ്രിഡ്ജില്‍നിന്നും മുട്ടകള്‍ എടുത്ത് പാകം ചെയ്തു. നൂഡില്‍സ് ഉണ്ടാക്കി കഴിച്ചു. വീട്ടുടമ ഭദ്രമായി സൂക്ഷിച്ച കമ്പിളി പുതപ്പ് എടുത്തുവന്ന് പുതച്ച് കുേറ സമയം വിശ്രമിച്ചു. മുറിയിലെ മേശവലിപ്പില്‍നിന്നും കൊതുകു തിരി കൊണ്ടുവന്ന് കത്തിച്ചു. എല്ലാം കഴിഞ്ഞശേഷം വില പിടിപ്പുള്ള അനേകം സാധനങ്ങള്‍ മോഷ്ടിച്ച് അയാള്‍ സ്ഥലം വിട്ടു. ഒരു തെളിവും അവശേഷിക്കാതെയാണ് താന്‍ മോഷണം നടത്തിയതെന്ന ധാരണയില്‍ സുഖമായി കഴിഞ്ഞ അയാള്‍ പക്ഷേ ദിവസങ്ങള്‍ക്കകം പിടിയിലായി.

അതിനു കാരണമായതാവട്ടെ, രണ്ടു കൊതുകുകളും. ചൈനീസ് പത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതെ, കൊതുകുകളാണ്, ഈ കള്ളനെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത്. കൊതുകുകള്‍ ഇയാളുടെ ചോരകുടിച്ചതാണ് പൊലീസിന് ഗുണം ചെയ്തത്. കൊതുകുകള്‍ കുടിച്ച ഇയാളുടെ ചോരയുടെ സാമ്പിളുകള്‍ എടുത്ത് ഡി എന്‍ എ പരിശോധന നടത്തിയപ്പോഴാണ്, കള്ളനാരാണെന്ന് പൊലീസിന് മനസ്സിലായത്.

പൊലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ പേരുള്ള കുപ്രസിദ്ധനായ ആ മോഷ്ടാവിനെ വീട്ടില്‍ചെന്നാണ് പൊക്കിയത്. ജൂണ്‍ 11-നാണ് മോഷണം നടന്നത്. തെക്കു കിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുള്ള ഫുഴൗ നഗരത്തിലുള്ള ആഡംബര വസതിയിലാണ് വമ്പന്‍ മോഷണം നടന്നത്. വിലപിടിപ്പുള്ള നിരവധി സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു കള്ളന്‍. അതിനു മുമ്പ് രാത്രി ഏറെ നേരം അയാള്‍ വീട്ടില്‍ തന്നെ കഴിഞ്ഞതായി വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം കണ്ടെത്തിയിരുന്നു. മോഷണം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ്, ചുവരിനു താഴെ ചത്തു കിടക്കുന്ന രണ്ട് കൊതുകുകളെ കണ്ടെത്തിയത്.

പുതുതായി പെയിന്റ് ചെയ്ത ചുവരില്‍ ചോരപ്പാടുകളും കണ്ടു. കൊതുകിനെ അടിച്ചു കൊല്ലുമ്പോള്‍ ഉള്ള രക്തമാണ് ഇത് എന്നു മനസ്സിലാക്കിയ െപാലീസ് ഉടന്‍ തന്നെ ചുവരിലുള്ള രക്തത്തിന്റെ സാമ്പിളുകളെടുത്തു. ഇത് പൊലീസ് ലാബിലേക്കയച്ചു ഡി എന്‍ എ പരിശോധന നടത്തി. തുടര്‍ന്ന്, ഈ ഡി എന്‍ എ സാമ്പിളുകള്‍ പൊലീസിന്റെ റെക്കോര്‍ഡിലുള്ള ഡി എന്‍ എ ഡാറ്റാബേസുമായി ഒത്തുനോക്കിയപ്പോഴാണ്, കുപ്രസിദ്ധനായ ഒരു മോഷ്ടാവുമായി അതു ഒത്തുപോവുന്നതായി മനസ്സിലാക്കിയത്. പൊലീസിന്റെ ക്രിമിനല്‍ പട്ടികയിലുള്ള ചായ് എന്ന് വിളിപ്പേരുള്ള മോഷ്ടാവിന്റെ ഡി എന്‍ എ സാമ്പിളുകളാണ് അതെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കു വേണ്ടി തെരച്ചിലാരംഭിച്ചു.

മോഷണം നടത്തി കിട്ടിയ കാശും കൊണ്ട് സുഖമായി കഴിയുകയായിരുന്ന കള്ളനെ പൊലീസ് വീട്ടില്‍ ചെന്നുതന്നെ പൊക്കുകയായിരുന്നു. സംഭവം പൊലീസ് വാര്‍ത്താ കുറിപ്പിലൂടെയാണ് ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് ഈ വിവരം സോഷ്യല്‍ മിഡിയയില്‍ വ്യാപകമായി പ്രചരിച്ചു. രസകരമായ ഈ സംഭവത്തെക്കുറിച്ച് നിരവധി പേരാണ് കമന്റു ചെയ്തത്.

Back to top button
error: