KeralaNEWS

ശബരീനാഥന്റെ ജാമ്യം: പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വധശ്രമ ഗൂഢാലോചന കേസിൽ കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരീനാഥനെ ജയിലിൽ അടയ്ക്കാൻ നടത്തിയ ഗൂഢാലോചന തകർന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ ഗൂഢാലോചനയുടെ കേന്ദ്രം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരശക്തി പ്രവർത്തിക്കുകയാണ്.  ഈ ശക്തികൾ തൊടുന്നതെല്ലാം തിരിച്ചടിക്കുകയാണ് അമിതാധികാര ശക്തി ആരെന്ന് പറഞ്ഞ് വലിയ ആളാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വി.ഡി.സതീശൻ പറഞ്ഞു.

വിമാനത്താവളത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തെറ്റൊന്നും സംഭവിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത്തരത്തിൽ ആലോചന നടത്തിയാൽ എന്താണ് കുഴപ്പം. ഭീകര പ്രവർത്തനം ഒന്നുമല്ലല്ലോ ചെയ്തത്. സമരത്തിനായി കൂടിയാലോചനകൾ നടത്തിയല്ലേ പോകുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഇങ്ങനെ ആലോചിച്ചിട്ടല്ലേ എന്നും വി.ഡി.സതീശൻ ചോദിച്ചു.

മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും സതീശൻ ചോദിച്ചു. മുണ്ടുടുത്ത മോദി എന്ന പരാമർശത്തിന് അടിവരയിടുന്നതാണ് ഇൻഡിഗോ ബസിനെതിരായ നടപടി. വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Back to top button
error: