KeralaNEWS

നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നും ഇന്‍ഡിഗോയ്ക്ക് കത്തയച്ചെന്ന് ജയരാജന്‍.; വിമാനത്തില്‍ കഠാര കടത്താന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കണം, ട്രോളുണ്ടാക്കുന്നത് കുറേ മാനസികരോഗികളെന്നും ഇ.പി.

കണ്ണൂര്‍: തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ചില എം.പിമാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാന്‍ ചെയ്തത് ശരിയാണ്. അന്വേഷണം നടത്തിയവര്‍ക്ക് കേരളത്തിലെ സ്ഥിതിഗതികള്‍ അറിയില്ല, എന്നെ അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരെ അങ്ങ് നിരോധിച്ചു’- ഇ.പി. ജയരാജന്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്‍ഡിഗോ കമ്പനിക്കാര്‍ സശ്രദ്ധം ശ്രദ്ധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് അവരില്‍നിന്ന് ഒരു പ്രതികരണമുണ്ടാകുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാര്‍ത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് ജയരാജന്‍ പറഞ്ഞു. വിഷയം പരിശോധിച്ച റിട്ടയേര്‍ഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്‌കാരം നല്‍കുകയാണ് ഇന്റിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ ഭാഗത്ത് പിശകില്ല. അതിനകത്ത് യൂത്ത് കോണ്‍ഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാള്‍ മൗനം ദീക്ഷിച്ചായിരുന്നു. ഞാന്‍ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാന്റ് ചെയ്ത ഉടന്‍ ഇവര്‍ ചാടിയെഴുന്നേറ്റു. ഞാന്‍ രണ്ട് സീറ്റ് പിടിച്ച് നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവര്‍ക്ക് എത്താനായില്ല. അവരുടെ വിമാനത്തില്‍ അക്രമം ചെയ്യാന്‍ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്‌കാരം നല്‍കുകയായിരുന്നു വേണ്ടത്.’

‘കോണ്‍ഗ്രസുകാര്‍ നിലവാരമില്ലാത്തവരാണ്. എന്തും വിളിച്ചുപറയും, കുറച്ച് കഴിയുമ്പോ മാപ്പ് പറയും. അവര്‍ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കണം’- ഇപി പറഞ്ഞു.

‘ഞാന്‍ യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു അത് മൂന്നു ദിവസം കഴിഞ്ഞേ ഡല്‍ഹിയില്‍ എത്തൂ. ആ ട്രെയിനില്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയില്‍ പോയും ആ ട്രെയിനില്‍ തിരിച്ചുവന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളാണ്. അതുകൊണ്ട് ട്രെയിനില്‍ പോകുന്നതിലൊന്നും എനിക്ക് ഒരു പ്രയാസവുമില്ല. പിന്നീട് വിമാനസര്‍വീസ് വന്നു, സൗകര്യങ്ങള്‍ വന്നു. അപ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ആ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ ട്രോളുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ ട്രോളുകള്‍ അയക്കുമെന്നും അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മാനസികരോഗമുള്ളവരെല്ലാം ട്രോള്‍ അയക്കുന്നില്ലേ. കുറേ മാനസികരോഗികളുണ്ട്, കുറേ ചിന്താക്കുഴപ്പമുള്ളവരുണ്ട്, കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ അയക്കും. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.’- ജയരാജന്‍ പറഞ്ഞു.

 

Back to top button
error: