NEWSWorld

ഗൾഫ് പണത്തിൻ്റെ പ്രവാഹം നിലയ്ക്കുന്നു, കേരളം കുത്തുപാള എടുക്കുമോ… ?

കേരളത്തിൻ്റെ വരുമാന സ്രോതസ്സിൽ ഏറ്റവും പ്രധാനം ഗൾഫ് പണമായിരുന്നു. മറുനാട്ടിലെ മണരാണ്യത്തിൽ ചോര നീരാക്കി പ്രവാസികളായ മലയാളികൾ സമ്പാദിക്കുന്ന പണമാണ് നാടിൻ്റെ വികസനത്തെ ത്വരിതഗതിയിലാക്കുന്നത്. എന്നാൽ ഈ വരുമാന സ്രോതസ്സിൽ വൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞു എന്ന് റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനം വ്യക്തമാക്കുന്നു. 2016- ’17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020- ’21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു.

അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്ത് എത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2 ശതമാനമായി ചുരുങ്ങി. അഞ്ച് വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2ശതമാനമായി ആയി ഇപ്പോൾ വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ല്‍ ഇത് 42 ശതമാനമായിരുന്നു.

വര്‍ഷങ്ങളായി ഗള്‍ഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ 2020ല്‍ ഗള്‍ഫ് മേഖലയിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആര്‍.ബി.ഐ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വര്‍ധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആര്‍.ബി.ഐയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നോര്‍ക്കയുടെ കണക്കനുസരിച്ച്‌ 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 59 ശതമാനവും യു.എ.ഇയില്‍ നിന്നാണ്.

Back to top button
error: