HealthLIFE

മഴക്കാലത്തെ മുടി കൊഴിച്ചിലും താരനും അകറ്റാന്‍

കാലാവസ്ഥ നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. പ്രത്യേകിച്ച് ചര്‍മ്മം- മുടി എന്നിവയെ ആണ് കാലാവസ്ഥ പ്രത്യക്ഷമായിത്തന്നെ ബാധിക്കാറ്. ഇത്തരത്തില്‍ മഴക്കാലത്ത് മുടിയെ ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

പലരും പറഞ്ഞുകേള്‍ക്കാം, മഴ തുടങ്ങിയ ശേഷം തലയില്‍ താരൻ വര്‍ധിച്ചുവെന്ന്. ചിലരെങ്കിലും മുടി കൊഴിച്ചിലിനെ കുറിച്ചും പരാതിപ്പെടാറുണ്ട്. ഈ രണ്ട് പ്രശ്നങ്ങളും മഴക്കാലത്ത് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വരാറുള്ളവ തന്നെയാണ്.

താരൻ

തലയോട്ടിയിലെ നശിച്ച കോശങ്ങള്‍ സമയത്തിന് ഇളകിപ്പോകാതെ പാളികളായി കെട്ടിക്കിടക്കുന്നതിനെ ആണ് താരൻ എന്ന് വിളിക്കുന്നത്. താരൻ അത്ര അസ്വാഭാവികമായ ഒന്നല്ല. എന്നാല്‍ വലിയ അളവില്‍ ദിവസങ്ങളോളമോ ആഴ്ചകളോളമോ എല്ലാം താരൻ കാണുന്നുണ്ടെങ്കില്‍ അതിന് ചികിത്സ തേടുന്നതാണ് ഉചിതം. 

മഴക്കാലത്ത് താരൻ കൂടാനുള്ള സാധ്യതകളുണ്ട്. ഇതൊഴിവാക്കാൻ ചില ഷാമ്പൂകളുടെ ഉപയോഗം ഫലപ്രദമായിരിക്കും. സെലീനിയം സള്‍ഫൈഡ്, സിങ്ക് പൈറിത്തയോണ്‍, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ ഷാമ്പൂകളെല്ലാം ഇതിനുദാഹരണമാണ്. കഴിയുന്നതും ഒരു ഡെര്‍മറ്റോളജിസ്റ്റിന്‍റെ തന്നെ നിര്‍ദേശം തേടുന്നതാണ് ഏറ്റവും ഉചിതം. 

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിലേക്ക് നമ്മെ പല ഘടകങ്ങളും നയിക്കാറുണ്ട്. ഭക്ഷണത്തിലെ പിഴവുകള്‍ തൊട്ട് മാനസികസമ്മര്‍ദ്ദം വരെയുള്ള ഘടകങ്ങള്‍ ഇതിലുള്‍പ്പെടുന്നു. തീര്‍ച്ചയായും കാലാവസ്ഥയും ഒരു കാരണം തന്നെ. അത്തരത്തില്‍ മഴക്കാലത്ത് ഈര്‍പ്പമുള്ള അന്തരീക്ഷം ഹെയര്‍ ഫോളിക്കിളുകളെ ദുര്‍ബലമാക്കുന്നത് മുഖേനയാണ് മുടി കൊഴിച്ചില്‍ കൂടുന്നത്. 

വൈറ്റമിന്‍ ബി-12, വൈറ്റമിൻ-ഡി, സിങ്ക്, ഫെറിറ്റിൻ, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ ഡയറ്റിലൂടെയോ സപ്ലിമെന്‍റ്സിലൂടെയോ ഉറപ്പുവരുത്തുന്നത് വഴി ഇത് തടയാൻ സാധിക്കും. ഓര്‍ക്കുക, സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുന്നതിന് മുമ്പായി ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം. അതുപോലെ തന്നെ മുഖം ഫേഷ്യല്‍ ചെയ്യുന്നതിന് തുല്യമായി തലയില്‍ ചെയ്യുന്ന ‘ഹെയര്ഷ്യലും’ നല്ല ഫലം നല്‍കും. ഇത് തലയില്‍ ചര്‍മ്മത്തെ ആകെയും ഇളക്കിക്കളഞ്ഞ് പുതുക്കുകയാണ് ചെയ്യുന്നത്. 

Back to top button
error: