CrimeNEWS

മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ  വിചാരണ  ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. ഇതിന് മുൻപ് കേരളത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിലാണ് സാക്ഷികൾക്ക് സംരക്ഷണം നൽകിയിട്ടുള്ളത്. കൂറുമാറാതിരിക്കാനാണ് സാക്ഷികൾക്ക് സംരക്ഷണം നൽകുന്നത്. കൂടാതെ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകും.

അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു  കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തി വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ കോടതി നിർദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.

പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും  ഈ സാഹചര്യത്തിൽ അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയുയെും സഹോദരിയുടെയും ആവശ്യം.  ഇതിന് പിന്നാലെയാണ് സി രാജേന്ദ്രൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചത്.തുടര്‍ന്നാണ് സര്‍ക്കാര്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

Back to top button
error: