CrimeNEWS

മദ്യപാനത്തെ ചെല്ലി വഴക്ക്; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പൂഞ്ഞാര്‍: പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറന്പിൽ ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് ജെയിംസിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ജെയിംസും ഭാര്യ ജാൻസിയും തമ്മിൽ കുറേക്കാലമായി വഴക്ക് പതിവാണ്.

ജെയിംസിന്‍റെ മദ്യപാനത്തെ തുടർന്നുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ മാസം ജയിംസ് ഡീ അഡിക്ഷൻ സെന്‍ററിലെത്തിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ജെയിംസ് വീണ്ടും മദ്യപാനം തുടങ്ങിയതാണ് വഴക്കിന് കാരണമായത്.  ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ കുറിച്ച് തുടങ്ങിയ സംസാരം വഴക്കിൽ കലാശിക്കുകയായിരുന്നു.

ഇതിനിടെ ജെയിംസ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. കഴുത്തിന് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയതിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Back to top button
error: