KeralaNEWS

ക്ളാസ് മുറിയിൽ ‘ആകാശമായവളേ’ പാടി മിലൻ കയറിയത് ജനഹൃദയങ്ങളിൽ, പാട്ട് സമൂഹമാധ്യമത്തിൽ വൈറൽ

‘സമയം ഇനീംണ്ട്….ആരാ… ഒരു പാട്ട് പാടാ…’

അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി സഹപാഠികള്‍ക്കു മുന്നില്‍ മിലന്‍ പാടിയ പാട്ട് ഇത്രയേറെ വൈറലാകുമെന്ന് ആരും കരുതിയില്ല. എന്തിന് മിലന്റെ പാട്ട് ഒരു രസത്തിന് മൊബൈൽ ഫോണിൽ പകർത്തുമ്പോൾ അധ്യാപകൻ പ്രവീണിനു പോലും തോന്നിയില്ല. ‘വെള്ളം’ എന്ന ചിത്രത്തിനു വേണ്ടി ഷഹബാസ് അമന്‍ പാടിയ ‘ആകാശമായവളേ’ എന്ന ഗാനമാണ് 13 കാരന്‍ മിലന്‍ ക്ലാസ് മുറിയില്‍ പാടി ഹിറ്റായത്. അധ്യാപകനും ഗാനരചയിതാവും സംഗീത ആല്‍ബങ്ങളുടെ സംവിധായകനുമായ പ്രവീണ്‍ എം.കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയച്ചത്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ ‘ആരെങ്കിലും ഒരു പാട്ടു പാടൂ’ എന്ന് അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്.

മിലന്‍ പാടിയപ്പോള്‍ സഹപാഠികളുടേയും അധ്യാപകന്റേയും കണ്ണു നിറഞ്ഞു. ഇത്ര മനോഹരമായി മിലനു പാടാന്‍ കഴിയുമെന്ന് കൂട്ടുകാര്‍ പോലും അറിയുന്നത് അപ്പോഴായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിലൻ്റെ പാട്ട് കേട്ട ഗായകന്‍ ഷഹബാസ് അമനും സംഗീത സംവിധായകന്‍ ബിജിബാലും മന്ത്രി വി.ശിവൻകുട്ടിയും എം.എൽ.എമാരും അടക്കമുള്ള പ്രമുഖകര്‍ മിലനെ അഭിനന്ദിച്ചിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് രണ്ട് ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ടത് . ചിത്രകാരനും പെയിന്റിംഗ് തൊഴിലാളിയുമായ സുകുമാരന്റേയും കുടുംബശ്രീ പ്രവര്‍ത്തക പ്രസന്നയുടേയും മകനാണ് മിലന്‍.

Back to top button
error: