IndiaNEWS

തുടര്‍ച്ചയായി അപകടങ്ങൾ: സ്പൈസ് ജെറ്റിൻ്റെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

ദില്ലി: രാജ്യത്തെ സ്വകാര്യ എയര്‍ലൈൻസ് കമ്പനിയായ സ്പെസ്ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങൾ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹ‍ര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും.

സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിസിഎ നേരത്തെ കമ്പനിയോട് വിശദീകരണം തേടിയിരുന്നു. സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ‍ഡിജിസിഎ നടപടി തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു.

അതേസമയം 48 മണിക്കൂറിനിടെ നാല് വിമാനങ്ങൾ അടിയന്തര ലാൻഡിങ്ങ് നടത്തിയതായി ഡിജിസിഎ അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടതും, ഇങ്ങോട്ട് വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാൻഡിങ്ങ് നടത്തിയത്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള ജി 9-426 എയർ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാര്‍ മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി.

ഇന്നലെ ബാങ്കോക്കിലേക്കുള്ള എത്യോപ്യൻ എയർലൈൻസിന്റെ വിമാനം സമ്മർദ്ദപ്രശ്നത്തെത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്ക്കറ്റില്‍ ഇറക്കിയത്. വെള്ളിയാഴച്ചയും ശ്രീലങ്കൻ എയർലൈൻസിൻ്റെ ഒരു വിമാനവും ഹൈഡ്രോളിക് തകരാർ കാരണം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

Back to top button
error: