IndiaNEWS

വാര്‍ത്തകള്‍ ഉപയോഗിക്കാന്‍ ടെക് ഭീമന്മാര്‍ വരുമാനവിഹിതം നല്‍കണം: നിയമം ഒരുങ്ങുന്നു; വിപണി പിടിച്ചടക്കുന്നത് തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

ദില്ലി: വാര്‍ത്തകള്‍ ഉപയോഗിക്കാന്‍ ടെക് ഭീമന്മാരില്‍നിന്ന് പണം ഈടാക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രം.
പത്രങ്ങള്‍ക്കും ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകര്‍ക്കും അവരുടെ യഥാര്‍ത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക് ഭീമന്മാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് രംഗത്തെത്തിയത്.

നിലവിലുള്ള ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി റെഗുലേറ്ററി ഇടപെടലുകളിലൂടെ ഈ നിയമം അവതരിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും വളര്‍ച്ചയോടുകൂടി സോഷ്യല്‍ മീഡിയകളില്‍ നിന്നും ടെക് ഭീമന്മാര്‍ വലിയ ലാഭമാണ് കൊയ്യുന്നത്. ഓരോ കാഴ്ചയ്ക്കും ഓരോ ക്ലിക്കിനും പണം വാരിക്കൂട്ടുകയാണ് ഇവര്‍. വിപണി മൊത്തം പിടിച്ചടക്കുന്ന ഈ നടപടി ഇനിയും തുടരുന്നത് ശരിയായി തോന്നുന്നില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത/വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് പണം നല്‍കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഓസ്ട്രേലിയ, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍, വാര്ത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് മതിയായ പ്രതിഫലം നല്‍കുന്ന നീക്കം നടത്തിയിട്ടുണ്ട്.

Back to top button
error: