KeralaNEWS

”പ്രയോഗിക്കുന്നത് സ്ത്രീപക്ഷ രാഷ്ട്രീയം, അമിത് ഷായും മോദിയും നോക്കിയിട്ട് ഭയപ്പെടുത്താനായിട്ടില്ല”; മണിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് ആനി രാജ

ദില്ലി: സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും കേരളത്തില്‍നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും ഇനിയും സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ ജന. സെക്രട്ടറിയുമായ ആനി രാജ. തനിക്കെതിരായ എംഎം. മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. പക്ഷേ, മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരുപക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാകും. ന്യായീകരണം എന്തു തന്നെ ആണെങ്കിലും അത് ശരിയായ ഒന്നല്ലെന്നും ആനി രാജ പറഞ്ഞു.

എട്ടാംവയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സുശീല ഗോപാലനെ പോലുള്ള നേതാക്കള്‍ നേതൃത്വം നല്‍കിയ ദേശീയ മഹിളാ ഫെഡറേഷന്റെ ഉത്തരവാദിത്തം വഹിക്കുന്നയാളാണ് താന്‍. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുക എന്നതാണ് തന്റെ ചുമതല. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും ചെയ്യും. മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താന്‍. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണമെന്നും അവര്‍ പറഞ്ഞു.

ആനി രാജ ഡല്‍ഹിയിലല്ലേ, കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കല്‍. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്ക്കെങ്ങനെ അറിയാന്‍ സാധിക്കും. ഇനി അവര്‍ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. എന്നായിരുന്നു എം.എം. മണിയുടെ വിവാദ പ്രതികരണം.

Back to top button
error: