IndiaNEWS

തീവ്രവാദത്തിന് പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് ഒരാള്‍ തീവ്രവാദിയായെന്ന് കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ലെന്നും കോടതി.

നരേന്ദ്ര മോദിയെയും പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം.

2006ല്‍ ഔറംഗാബാദില്‍ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന ആയുധങ്ങള്‍ അടക്കം എടിഎസ് പിടികൂടിയ കേസിലാണ് വിധി. ഇത് മോദിയെയും പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ എത്തിച്ചതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഈ കേസില്‍ 2016 ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ബിലാല്‍ അബ്ദുള്‍ റസാഖാണ് ഹൈക്കോടതിയില്‍ അപ്പീലുമായി എത്തിയത്. ബിലാലിനെതിരെ മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രം കണക്കിലെടുക്കാനാകില്ല. സിഡിആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെ ബിലാല്‍ മറ്റ് പ്രതികളുമായി സമ്പര്‍ക്കം നടത്തിയെന്ന് വിചാരണ കോടതി വിധിച്ചത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിക്കണമെന്ന ബിലാലിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

 

Back to top button
error: