CrimeNEWS

സിസിടിവിയെ തോല്‍പ്പിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നിരീക്ഷണം തുണച്ചു; ബൈക്കിലെത്തി വയോധികയുടെ മാലകവര്‍ന്ന മൂവര്‍സംഘം അറസ്റ്റില്‍

കട്ടപ്പന: ഹൈറേഞ്ചിനെ ഞെട്ടിച്ച മാലമോഷണക്കേസ് പ്രതികളെ, നാലാംക്ലാസുകാരനായ വിദ്യാര്‍ഥിയുടെ നിരീക്ഷണ പാടവത്തിന്റെ കരുത്തില്‍ കുടുക്കി പോലീസ്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന തോപ്രാംകുടി സ്വദേശികളായ മൈലയ്ക്കല്‍ അതുല്‍ (18), അരീക്കുന്നേല്‍ രാഹുല്‍ (26), മൈലയ്ക്കല്‍ അഖില്‍ (20) എന്നിവരാണ് പിടിയിലായത്.

ഈ മാസം എട്ടിന് തങ്കമണി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടിഞ്ഞമല മാളൂര്‍ സിറ്റിയിലായിരുന്നു സംഭവം. വിജനമായ റോഡിലൂടെ നടന്നു പോയ വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്ന രാഹുലും അതുലും മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയശേഷം മാല വലിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാലപൊട്ടിക്കുന്നതിനിടെ താഴെവീണ വയോധികയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കവര്‍ച്ചയ്ക്ക് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി. ടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലായില്ല. ഈ ഘട്ടത്തിലാണ് സമീപവാസിയായ നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നിരീക്ഷണം പോലീസിനു നിര്‍ണായക തുമ്പാകുന്നത്.

കവര്‍ച്ച നടന്ന സമയത്ത് കടന്നുപോയ ബൈക്കിന്റെ മോഡലും കമ്പനിയും സംബന്ധിച്ചുള്ള വ്യക്തമായ വിവരം കുട്ടി പോലീസിനോട് പറഞ്ഞുകൊടുത്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് എടുത്ത ഷോറൂം കണ്ടെത്തി. ഇതോടെ ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിക്കുകയായിരുന്നു. തുടര്‍ന്ന് മോഷണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തിയതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. രാഹുലും അതുലും മോഷ്ടിച്ച മാല അഖിലിന്റെ സഹായത്തോടെയാണു വിറ്റത്.

ഒന്നര പവന്റെ മാല പ്രതികള്‍ തോപ്രാംകുടിയില്‍ 40,000 രൂപയ്ക്ക് പണയം വച്ചിരുന്നു. മറ്റൊരു വള പണയം വച്ച് ഈ മാല വീണ്ടെടുത്ത് തൃശൂരിലെത്തിച്ച് വിറ്റു. ശാന്തിഗ്രാമില്‍ സമാനമായി ഒരു മാല മോഷണം നടന്നിരുന്നു. ഈ മോഷണവും നടത്തിയത് ഇതേ പ്രതികളാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

കട്ടപ്പന ഡിവൈ.എസ്.പി: വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ തങ്കമണി ഇന്‍സ്‌പെക്ടര്‍ എ. അജിത്, എസ്.ഐ: അഗസ്റ്റിന്‍, പ്രത്യേക അന്വേഷണ സംഘം എസ്.ഐ: സജിമോന്‍ ജോസഫ്, സീനിയര്‍ സി.പി.ഒമാരായ ടോണി ജോണ്‍, ജോബിന്‍ ജോസ്, സിനോജ്, ജിമ്മി, സി.പി.ഒമാരായ വി.കെ. അനീഷ്, സിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Back to top button
error: