KeralaNEWS

നടിയെ ആക്രമിച്ച കേസ്: ആര്‍. ശ്രീലേഖയുടെ മൊഴി എടുക്കേണ്ടതുണ്ട്, സമയം വേണമെന്ന് ക്രൈംബ്രാഞ്ച്; പ്രാധാന്യം എന്തെന്നു ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച്. തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് മുന്‍ ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖയുടെ മൊഴി എടുക്കേണ്ടതുണ്ട്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന്റെ പിന്നിലുള്ള കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടാതെ, വിചാരണാ കോടതിയിലിരിക്കുന്ന ഘട്ടത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ക്രൈബ്രാഞ്ചിനുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നേരത്തെ ഈ ആവശ്യം അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല.

എന്നാല്‍ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോള്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തില്‍ കോടതി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് ഇവ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ലാബില്‍ നിന്നു മുദ്രവച്ച കവറില്‍ വാങ്ങി സമര്‍പ്പിക്കാനാണ് അനുമതി.

കേസുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം എന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്താണ് എന്നായിരുന്നു കോടതിയുടെ മറിച്ചുള്ള ചോദ്യം. മൂന്ന് ആഴ്ചത്തെ കൂടി സമയം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിവച്ചു.

 

Back to top button
error: